Breaking News

വാക്സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ സംഘർഷാവസ്ഥ

കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ കോട്ടയത്തും പാലക്കാടും അടക്കം സംസ്ഥാനത്തെ പലയിടത്തും വാക്‌സിനേഷൻ കേന്ദ്രങ്ങളില്‍ സംഘർഷാവസ്ഥ. കോട്ടയം ബേക്കർ മെമ്മോറിയല്‍ എല്‍പി സ്കൂളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ വാക്‌സിൻ എടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി.

വാക്‌സിനെടുക്കാൻ എത്തിയവർ സാമൂഹ്യ അകലം പാലിക്കാതെ കൂടി നിൽക്കാൻ തുടങ്ങിയതോടെ പൊലീസ് ടോക്കൺ നൽകാൻ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി.

രാവിലെ ആറു മണി മുതല്‍ കോവിഡ് വാക്‌സിനു വേണ്ടി ജനങ്ങള്‍ സ്‌കൂളില്‍ എത്തിയിരുന്നു. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ധാരാളം പേർ ഇവിടെ എത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കൺ നല്‍കുകയും അല്ലാത്തവരോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരെ പരിഗണിച്ചില്ല എന്നാരോപിച്ചാണ് പ്രശ്‌നം ആരംഭിച്ചത്.

പാലക്കാട് മോയന്‍സ് എല്‍.പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *