Breaking News

കൊവിഡ് രോഗവ്യാപനം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ തുടരും

മുംബൈ: കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു. സംസ്ഥാനത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.

‘പാലുല്‍പ്പാദനം, ഗതാഗതം, എന്നീ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്. ചെറുകിട വ്യാപാരങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കും. ഇവയ്ക്ക് ഹോം ഡെലിവറി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്,’ ചീഫ് സെക്രട്ടറി അറിയിച്ചു.

അതേസമയം കേരളത്തിലും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം 45000 ത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 29.75 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍ വിലയിരുത്തിയാകും ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കൊവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം. അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ രോഗവ്യാപനം രൂക്ഷമായിടത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *