Breaking News

മാധ്യമങ്ങളെ ആട്ടിപ്പായിച്ചത് ഗസ്റ്റ് ഹൗസ് പിണറായിയുടെ തറവാട്ടു സ്വത്തായതിനാലായിരുന്നോ: ജോൺ ബ്രിട്ടാസിന് വി.വി രാജേഷിന്റെ മറുപടി

ഡൽഹിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ വിളിച്ച ഔദ്യോഗിക വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒ‍ഴിവാക്കിയ നടപടിയെ വിമർശിച്ച ജോൺ ബ്രിട്ടാസിന് മറുപടിയുമായി ബി.ജെ.പി നേതാവ് വി വി രാജേഷ്. മന്ത്രി മുരളീധരൻ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണെന്നും മന്ത്രിയുടെ കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ എന്നും ജോൺ ബ്രിട്ടാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

എന്നാൽ മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് വിളിച്ച പ്രധാനപ്പെട്ട ഒരു യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്‍റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ എന്ന് വി വി രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ തിരിച്ച് ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസുമായി നിസഹകരണം ആരംഭിക്കാൻ ബി.ജെ.പി കേരളാ ഘടകം നേരത്തെ തീരുമാനമെടുത്തിരുന്നു. പശ്ചിമ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ലേഖിക നടത്തിയ പരാമര്‍ശത്തെ തുടര്‍നന്നായിരുന്നു ഈ തീരുമാനം.

വി.വി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

ശ്രീ ജോൺ ബ്രിട്ടാസിന്,

കേന്ദ്രമന്ത്രി ശ്രീ വി.മുരളീധരനെ നീണ്ടകാലത്തെ മാധ്യമപ്രവര്‍ത്തന അനുഭവംവച്ച് താങ്കള്‍ ചില കാര്യങ്ങള്‍ പഠിപ്പിച്ചതായി കണ്ടു…

മാധ്യമ ഉപദേഷ്ടാവെന്ന നിലയിലുള്ള താങ്കളുടെ അനുഭവ പരിചയം വച്ച് ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്…

മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് വിളിച്ച പ്രധാനപ്പെട്ട ഒരു യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്‍റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ?

സ്നേഹമോ വിദ്വേഷമോ കൂടാതെ ചുമതല നിറവേറ്റണം അന്ന് പിണറായിയെ താങ്കള്‍ ഓര്‍മിപ്പിച്ചിരുന്നോ ?

കാഞ്ഞങ്ങാട് പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷവേദിയില്‍ നിന്ന് പിണറായി വിജയന്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത് അത് അദ്ദേഹത്തിന്‍റെ ജന്മദിനാഘോഷമായതിനാലാണോ? …സര്‍ക്കാര്‍ പണം ചിലവിട്ട് നടത്തുന്ന പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാമോയെന്ന് ഉപദേശകന്‍ എന്ന നിലയില്‍ താങ്കള്‍ ചോദിച്ചിരുന്നോ ?

എറണാകുളം ഗസ്റ്റ് ഹൗസില്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പായിച്ചത് ഗസ്റ്റ് ഹൗസ് പിണറായി വിജയന്‍റെ തറവാട്ടുസ്വത്തായതിനാലായിരുന്നോ, അത് തറുതല രീതിയായിരുന്നോ ?

മുഖ്യമന്ത്രിയെന്ന നിലയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ ‘വലത് മാധ്യമങ്ങൾ ‘ എന്ന് പേരിട്ട് ചില മാധ്യമങ്ങളെ പിണറായി വിജയൻ അധിക്ഷേപിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണോ ?

നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഒരു മിനിറ്റുപോലും മാധ്യമപ്രവർത്തകരോട് ഉത്തരം പറയില്ല എന്ന് പിണറായി ശഠിക്കുന്നത് തികഞ്ഞ ജനാധിപത്യ ബോധ്യത്തിലൂന്നിയുള്ളതാണോ ?

ഇതെല്ലാം പോകട്ടെ, ബഹിഷ്ക്കരണമെന്ന മഹാപാതകത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞല്ലോ, ഇപ്പോള്‍ ഞങ്ങള്‍ നിസ്സഹകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പല്ലേ താങ്കളുടെ പാര്‍ട്ടിയായ സിപിഎം ബഹിഷ്ക്കരിച്ചത്…..?

സിപിഎമ്മിന്‍റെ ഏഷ്യാനെറ്റ് ബഹിഷ്കരണം തികഞ്ഞ ജനാധിപത്യബോധ്യത്തിന്‍റെ പ്രകടനമായിരുന്നോ ?

സിപിഎമ്മുകാരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന് പറഞ്ഞതിനാണോ ഏഷ്യാനെറ്റിനെ ബഹിഷ്ക്കരിച്ചത് ?

അഡ്വ.ജയശങ്കറും, കെ.എം ഷാജഹാനും ജോസഫ് സി മാത്യുവുടമക്കം നിങ്ങള്‍ക്ക് അപ്രിയ നിലപാടുകള്‍ എടുക്കുന്ന വ്യക്തികളെ സിപിഎമ്മുകാര്‍ ചാനല്‍ ചര്‍ച്ചകളില്‍ ബഹിഷ്ക്കരിക്കുന്നില്ലേ ?

അധികാരമദം പൊട്ടിയിട്ടാണോ അഡ്വ.ജയശങ്കര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ നിന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ഇറങ്ങിപ്പോയത് ?

വനിതാമാധ്യമപ്രവര്‍ത്തകരടക്കം സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയടക്കം സമൂഹമാധ്യമങ്ങളിലൂട അധിഷേപിച്ചത് ശരിയായില്ല എന്ന് ബ്രിട്ടാസ് ഉപദേശിച്ചിരുന്നോ ?

എന്തിനേറെ, മാധ്യമസ്വാതന്ത്ര്യത്തെയാകെ അടിച്ചമര്‍ത്തുന്ന 118 എ എന്ന കരിനിയമം നടപ്പാക്കാനിറങ്ങിയ സര്‍ക്കാരിന്‍റെ ഉപദേശകനായിരുന്ന മാധ്യമപ്രവര്‍ത്തകനല്ലേ താങ്കള്‍?
മുരളീധരനെ ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്ന താങ്കളോട് ചോദിക്കാനുള്ളത് ശങ്കരാടിയുടെ ഡയലോഗാണ്,….ലേശം ഉളുപ്പ്….?

ഏതായാലും മാധ്യമപ്രവര്‍ത്തകന്‍ മാത്രമായിരുന്ന ( ശമ്പളം പറ്റാത്ത ഉപദേശകനും) ജോണ്‍ ബ്രിട്ടാസിന് എങ്ങനെയാണ് മരടിലും മയൂര്‍വിഹാറിലും ( ഡല്‍ഹി)കണ്ണൂരിലും കവടിയാറിലും പേരൂര്‍ക്കടയിലുമെല്ലാം സ്വന്തമായി വസ്തുവകകളും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും ഉണ്ടായതെന്നും ( നാമനിര്‍ദേശപത്രികയില്‍ കണ്ടത്) ഞങ്ങള്‍ ചോദിക്കുന്നില്ല. അതെല്ലാം ജനാധിപത്യത്തില്‍ ഊന്നിയുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ സമ്പാദിച്ചതാണോ ‘പച്ചക്കറി മൽസ്യ മൊത്ത വ്യാപാരത്തിലൂടെ ‘ ഉണ്ടാക്കിയതാണോ എന്നതൊന്നും തൽക്കാലം ഞങ്ങള്‍ക്ക് വിഷയമല്ല.

Leave a Reply

Your email address will not be published. Required fields are marked *