Breaking News

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി; മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെയ്ക്കെതിരെയുള്ള കേസ് റദ്ദാക്കി

ന്യൂഡൽഹി: മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കി. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കേസ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.

1962ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയ കോടതി ഈ വിധിപ്രകാരം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നിന്നും സംരക്ഷണമുണ്ടെന്ന് വിധി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹക്കുറ്റത്തിനെതിരെ സംരക്ഷണം നല്‍കേണ്ടത് അനിവാര്യതയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

‘രാജ്യദ്രോഹത്തിന്റെ പരിധിയില്‍ എന്തൊക്കെ വരുമെന്ന് 1962ലെ വിധിയില്‍ പറഞ്ഞിട്ടുണ്ട്. പൊതുക്രമത്തിന് അലോസരമുണ്ടാക്കുന്ന പ്രവൃത്തികള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, ക്രമസമാധാനത്തിന് വിഘാതമുണ്ടാക്കുന്ന നടപടികള്‍ എന്നിവയെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരികയുള്ളൂ. പ്രധാനമന്ത്രിയെ വിമര്‍ശിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു എന്ന പേരില്‍ രാജ്യദ്രോഹമായി എടുക്കാന്‍ കഴിയില്ല,’ സുപ്രീം കോടതി പറഞ്ഞു.

ഡൽഹി വംശഹത്യയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു എന്ന പേരിലാണ് വിനോദ് ദുവെയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ടത്. പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ട് നേടാനായി ഉപയോഗിക്കുന്നു എന്നായിരുന്നു ദുവെയുടെ പരാമര്‍ശം.

രാജ്യദ്രോഹക്കുറ്റത്തിനൊപ്പം വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, പൊതുശല്യം സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ദുവെയ്ക്ക് മേല്‍ ഹിമാചല്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നത്. ഹിമാചല്‍ പ്രദേശിലെ ഒരു ബി.ജെ.പി നേതാവ് നല്‍കിയ പരാതിയിലായിരുന്നു വിനോദ് ദുവെക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *