Breaking News

പടം തീര്‍ന്നപ്പോള്‍ അങ്ങനെ പറഞ്ഞാണ് ആളുകള്‍ ഇറങ്ങിപ്പോയത്, അതു കേട്ടതും ഞാന്‍ തകര്‍ന്നുപോയി; ഇപ്പോഴും അത് മറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സാന്ദ്രാ തോമസ്

വളരെ വലിയ പ്രതീക്ഷയോടെ നിര്‍മ്മിച്ച സിനിമ തിയേറ്ററുകളില്‍ വിജയമാകാതിരുന്നതിനെക്കുറിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ആട് സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണത്തെ കുറിച്ചുമുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു അവര്‍.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആട് 2015ലാണ് ഇറങ്ങിയത്. ജയസൂര്യ ഷാജി പാപ്പനെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനായിരുന്നില്ല. എന്നാല്‍ പിന്നീട് ടെലിവിഷനിലും സി.ഡിയിലുമായി ചിത്രം വന്നപ്പോള്‍ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു.

തീയേറ്ററില്‍ ആള്‍ക്കാര്‍ പടം കണ്ട് ചിരിക്കുന്നതൊക്കെ കണ്ടപ്പോള്‍ സന്തോഷമായി. എന്നാല്‍ പടം തീര്‍ന്നപ്പോള്‍ എല്ലാവരും ഇതെന്തൊരു പൊട്ട പടം എന്നു പറഞ്ഞാണ് ഇറങ്ങിപ്പോയത്. അതു കേട്ടതും തകര്‍ന്നുപോയി. അത്രയും വിഷമത്തോടെയാണ് ഞാന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിയത്. അത് ഇപ്പോഴും മറക്കാനാവില്ല. മിഥുനും തകര്‍ന്നു.

അതിനുശേഷം നേരെ വന്നത് എഡിറ്റിംഗ് സ്യൂട്ടിലാണ്. നോണ്‍ ലീനിയറായി ചെയ്തത് മുഴുവന്‍ റീ എഡിറ്റ് ചെയ്തു. അന്ന് ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഇരുന്നാണ് റീ എഡിറ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. തിങ്കളാഴ്ച റീ എഡിറ്റ് ചെയ്ത പുതിയ വേര്‍ഷന്‍ എത്തിച്ചു. ലീനിയറായ സിനിമയാക്കി. അതാണ് ഇപ്പോള്‍ ആഘോഷിക്കുന്ന ആട് സിനിമ. സി.ഡിയായി ഇറങ്ങിയതൊക്കെ അതാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *