Breaking News

ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു; ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും

ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും മാർച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു. നാല് മണിക്കൂർ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തുന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്.

വിശ്വകായിക മാമാങ്കത്തിൽ 42 വേദികളിലായി 11,200 കായിക താരങ്ങൾ പങ്കെടുക്കും. നാളെ മുതൽ മെഡൽ പോരാട്ടങ്ങൾക്ക് തുടക്കമാകും. 2016ൽ റിയോയിൽ തുടക്കമിട്ട കാത്തിരിപ്പായിരുന്നു ഇതുവരെ. ആ കാത്തിരിപ്പിനെ കൊവിഡ് മഹാമാരി ഒരാണ്ട് കൂടി വൈകിപ്പിച്ചു. എല്ലാ അനിശ്ചിതത്വങ്ങൾക്കും ശേഷം കായിക മാമാങ്കത്തിന് ഇന്ന് ടോക്യോയിൽ കൊടി ഉയർന്നു.

കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികൾ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവൻമാരും പ്രതിനിധികളും സ്പോൺസർമാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ആയിരത്തിൽ താഴെ ആളുകൾക്കാണ് പ്രവേശനം. അറുപതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷിൻജുകുവിലെ ന്യൂ നാഷണൽ സ്റ്റേഡിയത്തിൽ ശൂന്യത നിഴലിക്കുമെന്നുറപ്പാണ്. എന്നിരുന്നാലും പതിവ് ചടങ്ങുകൾക്കൊപ്പം ജപ്പാന്റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതാകും ഉദ്ഘാടനത്തിലെ കലാപരിപാടികൾ.

കൊവിഡ് വ്യാപനത്തിനിടെയിലെ ഒളിമ്പിക്സ് നടത്തിപ്പിൽ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. അതിനിടെ, അമ്പെയ്ത്ത് വനിതാ സിംഗിൾ യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരിയുടെ മത്സരംനടന്നു. ഒൻപതാമതായി അവർ ഫിനിഷ് ചെയ്തു.

അതേസമയം ഒളിമ്പിക്‌സ് ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ രംഗത്തെത്തി. സ്വർണ മെഡൽ ജേതാക്കൾക്ക് 75 ലക്ഷം രൂപ വീതവും വെള്ളിമെഡൽ ജേതാക്കൾക്ക് 40 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടുന്നവർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ഇത് കൂടാതെ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ വീതവും നൽകും.

Leave a Reply

Your email address will not be published. Required fields are marked *