Breaking News

കോൺഗ്രസ് ഭരിക്കുന്ന കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്

കോൺഗ്രസ് നിയന്ത്രണത്തിലുള്ള കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്. അഴിമതിയിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർ പാലക്കാട് ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി രണ്ട് മാസമായിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.

കണ്ണാടി പഞ്ചായത്തിലെ കണ്ണന്നൂരിൽ പ്രവർത്തിക്കുന്ന കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലെ കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടി സഹകരണസംഘം രജിസ്ട്രാർ പാലക്കാട് ജോയിൻറ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വന്നു.

ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ ക്രിമിനൽ നടപടി സ്വീകരിച്ചുകൊണ്ട് ഉടൻ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. കഴിഞ്ഞ ഏപ്രിൽ എട്ടിന് ഉത്തരവ് ലഭിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ചെറിയ തുകയ്ക്ക് വായ്പ എടുത്തവരുടെ ആധാരം വച്ച് 4 കോടി എൺപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെന്നായിരുന്നു സഹകരണസംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഓഡിറ്റര്‍ കണ്ടെത്തിയത്.

ഈ തുക മുൻ ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കണമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് ശുപാർശ നൽകിയിരുന്നു. വായ്പാ തിരിമറി, സ്ഥിര നിക്ഷേപം തിരിച്ചു നൽകാതിരിക്കൽ, രേഖകളില്ലാതെ വായ്പ അനുവദിക്കൽ, അപേക്ഷകർ അറിയാതെ വായ്പ പുതുക്കൽ തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇതേ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സൊസൈറ്റി പ്രസിഡന്റും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ എൻ വിനേഷിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോഴും ബാങ്ക് ഭരിക്കുന്നത് തട്ടിപ്പ് സംഘത്തിന്‍റെ ബിനാമികളാണെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ബാങ്കിൽ ഇപ്പോഴും വിനേഷിന്റെ സാന്നിധ്യമുണ്ട്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശവും ഇതുവരെ പാലിച്ചിട്ടില്ല. വിനേഷിന് പുറമെ ഹോണററി സെക്രട്ടറി, മുൻ ഭരണസമിതി അംഗങ്ങൾ, 9 ജീവനക്കാർ തുടങ്ങിയവർ അഴിമതിയിൽ പങ്കാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *