Breaking News

കൂട്ടതല്ലിനൊടുൽ ഐഎൻഎൽ പിളർന്നു; കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുൾ വഹാബ്, വഹാബിനെ പുറത്താക്കിയതായി കാസിം

കൊച്ചിയിൽ ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന് പിന്നാലെ ഐ.എൻ.എൽ (ഇന്ത്യൻ നാഷണൽ ലീഗ്) പിളർന്നു.

ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു.

സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബിനെ പാ‍ർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂറും വ്യക്തമാക്കി.

ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം ചേർന്ന ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികൾ പ്രഖ്യാപിച്ചത്.

കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെയാണ് അബ്ദുൾ വഹാബ് വിഭാഗം പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.

നിലവിലെ വർക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാർട്ടിൽനിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂർ വ്യക്തമാക്കി.

1994ൽ മുസ്‍ലിം​ഗിൽ നിന്നും പിളർന്നാണ് ഇന്ത്യൻ നാഷനൽ ലീഗ് രൂപീകരിക്കുന്നത്. ബാബരി മസ്ജിദ് ധ്വംസനത്തിനു പിറകെ മുസ്‍ലിം ലീഗ് സ്വീകരിച്ച നയത്തിൽ പ്രതിഷേധിച്ച് ദേശീയ അധ്യക്ഷനായ ഇബ്രാഹീം സുലൈമാൻ സേട്ട് പാർട്ടി വിടുകയും ഐഎൻഎല്ലിനു രൂപംനൽകുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.