Breaking News

“വ്യാജ മാധ്യമപ്രവർത്തകർ ജാഗ്രിതൈ…”; വ്യാജ പ്രെസ്സ് സ്റ്റിക്കറുമായി വ്യാജന്മാർ ഏറെ; പരിശോധന കർശനമാക്കി

തിരുവനന്തപുരം: വ്യാജ ഔദ്യോഗിക സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ തുടങ്ങിയവർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. “പ്രസ്”, “ഹെൽത്ത്” എന്നീ സ്റ്റിക്കറുകളാണ് വ്യാജൻ കൂടുതലായി ഉപയോഗിക്കുന്നത്.

ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്താണ് ഭൂരിഭാഗവും സ്റ്റിക്കർ പതിപ്പിക്കുന്നത്. ചില വർക്ഷോപ്പുകളിലും മെക്കാനിക്കൽ കേന്ദ്രങ്ങളിലും സ്റ്റിക്കർ ലഭ്യമാണ്. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെ ഉപയോക്താവിന്റെ താത്പര്യപ്രകാരമുള്ള സ്റ്റിക്കർ പതിപ്പിച്ച് നൽകും. പോലീസിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും പരിഗണന ലഭിക്കാൻ വേണ്ടിയാണ് പലരും വ്യാജ സ്റ്റിക്കറുകൾ പതിപ്പിക്കുന്നത്.

നിയമവിരുദ്ധ ഇടപാടുകൾക്ക് മറയായും ഇത്തരം സ്റ്റിക്കറുകൾ ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഋഷിരാജ് സിങ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ആയിരുന്ന സമയത്ത് വ്യാജ സ്റ്റിക്കർ ഒട്ടിക്കുന്നവരെ പിടികൂടാൻ നടപടി തുടങ്ങിയിരുന്നു. ജില്ലാ പൊലീസ് മേധാവിമാരെ അദ്ധ്യക്ഷരാക്കി നിരീക്ഷണ സമിതികളും സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികളും രൂപവത്കരിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല.

2019-ൽ ടോമിൻ. ജെ. തച്ചങ്കരിയും വ്യാജ സ്റ്റിക്കറുകൾ ഇല്ലാതാക്കാൻ ശ്രമം നടത്തിയിരുന്നു. സമീപകാലത്ത് വ്യാജ സ്റ്റിക്കറുകളുടെ ഉപയോഗം ഏറിയതോടെയാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. സ്റ്റിക്കറിനെ സാധൂകരിക്കുന്ന അംഗീകൃത തിരിച്ചറിയിൽ രേഖയില്ലാത്തവരുടെ വാഹനങ്ങളിൽ നിന്ന് അവ നീക്കം ചെയ്യുകയും പിഴയീടാക്കുകയും ചെയ്യും. സ്റ്റിക്കർ പതിപ്പിച്ച് നൽകുന്ന കേന്ദ്രങ്ങൾക്കും കർശന നിർദേശം നൽകും

Leave a Reply

Your email address will not be published. Required fields are marked *