Breaking News

ഗണേശോത്സവ പൂജാ ആഘോഷചടങ്ങുകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 9 ദിവസം നീണ്ടു നില്‍ക്കുന്ന ഗണേശോത്സവ പൂജാ ആഘോഷചടങ്ങുകള്‍ക്ക് ഭക്തിസാന്ദ്രമായ തുടക്കം. തിരുവനന്തപുരം നഗരത്തിലെ കിഴക്കേകോട്ട, തമ്പാനൂര്‍, സ്റ്റാച്യൂ, പേരൂര്‍ക്കട, നിയോജകമണ്ഡലം കേന്ദ്രങ്ങളായ നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര, വാമനപുരം, ആറ്റിങ്ങല്‍, വര്‍ക്കല, കഴക്കൂട്ടം തുടങ്ങി 41 കേന്ദ്രങ്ങളിലാണ് ഗണേശവിഗ്രഹ പ്രതിഷ്ഠ നടന്നത്. കൂടാതെ നൂറുകണക്കിന് വീടുകളിലും ഗണേശപൂജയ്ക്ക് തുടക്കമായി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പൂജാചടങ്ങുകള്‍ നടക്കുന്നത്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ നാളുകളില്‍ ഭൂമിയില്‍ ഗണേശഭഗവത് ചൈതന്യം കൂടുതലായി ഉണ്ടാകുമെന്നും ഈ കാലയളവില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജ നടത്തിയാല്‍ അഭീഷ്ഠ കാര്യസിദ്ധി കൈവരിക്കാനാകുമെന്നുമാണ് വിശ്വാസം.

ഈ വര്‍ഷം കോവിഡ് മുക്തിക്കായി “പ്രാര്‍ത്ഥനയും ഒപ്പം പ്രതിരോധവും” എന്ന സന്ദേശം നല്‍കികൊണ്ടാണ് ഗണേശപൂജാ ചടങ്ങുകള്‍ നടക്കുന്നത്. തിരുവനന്തപുരം സ്റ്റാച്യുവിലെ പ്രതിഷ്ഠാ കേന്ദ്രത്തില്‍ ചലച്ചിത്രതാരം കരമന സുധീര്‍ ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് കണ്‍വീനര്‍ ആര്‍. ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍, ഭാരവാഹികളായ ജോണ്‍സണ്‍ ജോസഫ്, കല്ലിയൂര്‍ ശശി, ദിനേശ് പണിക്കര്‍, രാധാകൃഷ്ണന്‍ ബ്ലൂസ്റ്റാര്‍, സലിം മാറ്റപ്പള്ളി, എസ്.ആര്‍. കൃഷ്ണകുമാര്‍, ശ്രീകുമാര്‍ ചന്ദ്രാപ്രസ്, കെ.ബാഹുലേയന്‍ നായര്‍, രാജന്‍ ആര്‍.സി.സി, എം.എല്‍. ഉണ്ണികൃഷ്ണന്‍, ജയശേഖര്‍, ദിലീപ് മണക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പൂജാരംഭത്തോട് അനുബന്ധിച്ച് പ്രതിഷ്ഠാ കേന്ദ്രങ്ങള്‍ പ്രത്യേക പ്രതിഷ്ഠാ പൂജാ ചടങ്ങുകള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *