Breaking News

ഈ മനോഹരതീരത്ത് നൂറു ദിനങ്ങൾ; കവിതയുടെ ലോകം അവിസ്മരണീയമാക്കി ഓൺലൈൻ കൂട്ടായ്മ

തിരുവനന്തപുരം : കോവിഡ് കാലത്ത് സമാനതകളില്ലാത്ത ഒത്തുചേരലിനുള്ള ഇടമായി മാറുകയാണ് സാമൂഹ്യമാധ്യമങ്ങൾ. സാമൂഹ്യമാധ്യമങ്ങളുടെ ഗുണവും ദോഷവും ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഓൺലൈനിൽ കവിതയുടെ ലോകം തീർത്ത് വേറിട്ടു നിൽക്കുകയാണ് ഒരു ഓൺലൈൻ കൂട്ടായ്മ.

ക്ലബ്ബ് ഹൗസ് എന്ന സോഷ്യൽ ഓഡിയോ ആപ്പിലൂടെ “ഈ മനോഹര തീരം- കവിതയുടെ ലോകം’ എന്ന പേരിലുള്ള കൂട്ടായ്മയാണ് ഇക്കഴിഞ്ഞ നൂറു ദിനങ്ങൾ അവിസ്മരണീയമാക്കിയത്. കവിതയെ നെഞ്ചോടു ചേർക്കുന്ന ഒരു കൂട്ടം പേർ നാടിന്റെ പലഭാഗത്തു നിന്നും വൈകുന്നേരങ്ങളിൽ ഒരുമിച്ചു. അടച്ചിരുപ്പിലും അകലത്തിരുന്ന് കവിതയുടെ അനുഭൂതി തലം അവർ പങ്കുവച്ചു.

തിരക്കുകൾക്കിടയിലും മോഡറേറ്റർമാർ ചാറ്റ് റൂം തുറക്കുന്നത് ഒരു ദിവസം പോലും മുടക്കിയില്ല. നാടിനെയും മണ്ണിനെയും കവിതയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഒരു കൂട്ടം സഹൃദയർ കൂടി എത്തിയതോടെ ഓൺലൈനിലെ സാംസ്കാരിക അരങ്ങ് സജീവമായി.

കഥകളി പദം മുതൽ നാടൻപാട്ട് വരെ മുഴങ്ങിക്കേട്ട ഓൺലൈൻ വേദിയായി ഈ മനോഹരതീരം മാറി. നാനാതുറകളിലുള്ളവർ, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ, പ്രഗല്ഭർ, സാധാരണക്കാർ തുടങ്ങി പലരും എത്തിയതോടെ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ കവിതയുടെ ലോകം ആത്മസംഘർഷം കുറയുക്കുന്ന മനോഹര തീരമായി മാറി.

നൂറാം ദിനമായ ഇന്നലെ പ്രശസ്ത കവി സി.എസ്. രാജേഷ് ആയിരുന്നു മുഖ്യാതിഥി. അനിൽ. പി. തോമസിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗം നാരായണൻ കോരക്കാട് ഉദ്ഘാടനം ചെയ്തു.

നൂറാം ദിനത്തിലെ കവിതസായ്ഹാനത്തിൽ പ്രശസ്ത എഴുത്തുകാരി നളിനി ജമീല മഹനീയ സാന്നിധ്യമായി. മോഡറേറ്റർമാരായ വിനു നീലേരി, ദിജീഷ് കെ.എസ്.പുരം, അഡ്വ. ലതിക ബിജു, ചായം ധർമ്മജൻ, വിവാകരൻ, വിനോദ് കടമകുടി, വിപിൻ ജാനി, വിനുകുമാർ പാലമൂട്ടിൽ, സുബ്രൻ. കെ. പുള്ളി, ഹാഷിം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പി. എ. ചാക്കോ സ്വാഗതവും ആശാദ് കുമാർ നന്ദിയും പറഞ്ഞു. നിരവധി പേരാണ് ഓരോ ദിവസവും ഈ കൂട്ടായ്മയിൽ പങ്കു ചേരുന്നത്. പ്രായഭേദമെന്യേ കവിത ആസ്വാദകർക്ക് ഒത്തുചേരാനുള്ള ഓൺലൈനിലെ നല്ലഒരിടമായി മാറുകയാണ് ഈ കൂട്ടായ്മ.

Leave a Reply

Your email address will not be published. Required fields are marked *