ഇംഗ്ലണ്ട്-ഇന്ത്യ അവസാന ടെസ്റ്റ് മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 എന്ന നിലയിൽ മുന്നിലാണ്. ഈ കളി കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. എന്നാൽ, ഈ കളി ജയിച്ച് പരമ്പരയിൽ സമനില പാലിക്കുകയാവും ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം. സപ്പോർട്ട് സ്റ്റാഫിനാകെ കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ടെസ്റ്റ് മത്സരം നടക്കുമോ ഇല്ലയോ എന്നതിൽ അനിശ്ചിതത്വം ഉണ്ടെങ്കിലും താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവായതിനാൽ മത്സരം ഒഴിവാക്കില്ലെന്നാണ് സൂചന. (england india test today)
ടെസ്റ്റ് മത്സരങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ ഏറ്റവുമധികം റൺസ് പിറക്കുന്ന ഇംഗ്ലണ്ട് സ്റ്റേഡിയമാണ് ഓൾഡ് ട്രാഫോർഡ്. 2015 മുതൽ 435 ആണ് ഇവിടത്തെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ. അതേസമയം, രണ്ടാം ഇന്നിംഗ്സിൽ ഏറ്റവും കുറവ് റൺസ് പിറക്കുന്ന ഇംഗ്ലണ്ട് സ്റ്റേഡിയവും ഇത് തന്നെ. 238 ആണ് രണ്ടാം ഇന്നിംഗ്സിലെ ശരാശരി സ്കോർ. അവസാന രണ്ട് ദിവസം സ്പിന്നർമാർക്ക് ആധിപത്യമുണ്ടാവും. അതുകൊണ്ട് തന്നെ ഇന്ത്യ അശ്വിനെ കളിപ്പിക്കാനുള്ള സാധ്യത വളരെ അധികമാണ്. ഇംഗ്ലണ്ടും എക്സ്ട്രാ സ്പിന്നറെ പരിഗണിച്ചേക്കും. ആദ്യ ഇന്നിംഗ്സിലെ വമ്പൻ സ്കോർ റെക്കോർഡ് ടോസിൽ നിർണായകമാവും. ടോസ് നേടിയാൽ ബാറ്റിംഗ് തിരഞ്ഞെടുക്കാൻ ക്യാപ്റ്റന്മാർ മടിക്കില്ല.
വർക്ക്ലോഡ് പരിഗണിച്ച് ഇംഗ്ലണ്ട് നിരയിൽ ജെയിംസ് ആൻഡേഴ്സണോ ഒലി റോബിൻസണോ വിശ്രമം നൽകാനുള്ള സാധ്യത ഏറെയാണ്. അതേസമയം, നിർണായക ടെസ്റ്റ് ആണെന്ന പരിഗണനയിൽ ഇരുവരെയും കളിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ജോസ് ബട്ലർ തിരികെ എത്തുന്നതോടെ ജോണി ബെയർസ്റ്റോ പുറത്തിരിക്കും.
ഇന്ത്യൻ നിരയിൽ പരുക്കിൻ്റെ ഭീഷണിയുണ്ട്. കഴിഞ്ഞ ടെസ്റ്റിലെ ഇന്ത്യൻ ഹീറോകളായ രോഹിത് ശർമ്മയ്ക്കും ചേതേശ്വർ പൂജാരക്കും പരുക്ക് ഏറ്റിട്ടുണ്ട്. ഇരുവരുടെയും പരുക്ക് ഭേദമായില്ലെങ്കിൽ യഥാക്രമം മായങ്ക് അഗർവാളും ഹനുമ വിഹാരിയും കളിക്കും. രോഹിതും പൂജാരയും പരുക്ക് മാറി എത്തിയാൽ രഹാനെ പുറത്തിരിക്കാൻ നേരിയ സാധ്യതയുണ്ട്. പകരം വിഹാരിയോ സൂര്യകുമാർ യാദവോ കളിക്കും. മുഹമ്മദ് സിറാജിനു പകരം ഷമിയോ അശ്വിനോ കളിക്കും. വർക്ക്ലോഡ് പരിഗണിച്ച് ബുംറയ്ക്ക് വിശ്രമം നൽകാനുള്ള സാധ്യതയുണ്ടെങ്കിലും നിർണായക ടെസ്റ്റ് ആണെന്നത് പരിഗണിച്ച് താരത്തെ വീണ്ടും കളിപ്പിച്ചേക്കും.