Breaking News

പൂവാറിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്.ഐ.യെ സസ്‌പെൻഡ് ചെയ്തു. പൂവാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെ.എസ്. സനലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സുധീർഖാൻ എന്ന യുവാവിനെയാണ് സനൽ മർദിച്ചത്. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ പൂവാർ പെട്രോൾ പമ്പിന് സമീപമാണ് പൂവാർ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീർ ഖാനാണ്(35) പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായത്. രാവിലെ 11 മണിയോടെയാണ് സംഭവം. ഡ്രൈവറായ സുധീർ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാർ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ചു. പമ്പിൽ നിന്ന് പുറത്തിറങ്ങിയ സുധീർ മൂത്രമൊഴിക്കാനായി പമ്പിന് സമീപം ബൈക്ക് നിറുത്തി റോഡിന് താഴേക്കിറങ്ങി. ഇതുവഴി ജീപ്പിൽ വന്ന പൂവാർ എസ്.ഐ സനലും സംഘവും സുധീറിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. കാര്യം പറഞ്ഞ സുധീറിനോട് പൊലീസ് ലൈസൻസും ബൈക്കിന്റെ രേഖകളും എടുക്കാൻ ആവശ്യപ്പെട്ടു. ലൈസൻസും മറ്റും എടുക്കാനായി തിരിഞ്ഞ സുധീറിനെ പൊലീസുകാർ ലാത്തി വെച്ച് അകാരണമായി അടിക്കുകയായിരുന്നു.

തുടർന്ന് സുധീറിനോട് സ്റ്റേഷനിൽ എത്താൻ എസ്.ഐ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയ സുധീറിന്റെ മൊബൈൽ ഫോൺ എസ്.ഐ എസ്.ഐ സനൽ പിടിച്ചു വാങ്ങി വെക്കുകയും സ്റ്റേഷനിൽ വെച്ചും ക്രൂരമായി മർദിക്കുകയായിരുന്നു. സുധീർ ഇ.എം.എസ് കോളനിയിലുള്ളത് അല്ലെ മുസ്‌ലിം അല്ലെ എന്നും എന്തിനിവിടെ വന്നു എന്നും ചോദിച്ചു കൊണ്ടായിരുന്നു മർദനം. തന്റെ വീട് ഇ.എം.എസ് കോളനിയിൽ അല്ലെന്നും കല്ലിംഗവിളാകം ചന്തയ്ക്ക് പുറകിൽ ആണെന്നും സുധീർ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. താൻ കൈകാലുകൾക്ക് വിറയലുള്ള രോഗി ആണെന്നും അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും എസ്.ഐ മർദിക്കുകയായിരുന്നെന്ന് സുധീർ പറഞ്ഞു. വീട്ടുകാരെ വിളിക്കണമെന്നും പരിക്ക് പറ്റിയ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുധീർ ആവശ്യപ്പെട്ടെങ്കിലും 5 മണി ആയി സി.ഐ വരാതെ വിടില്ല എന്നും എന്ത് തെറ്റ് ആണ് താൻ ചെയ്തത് എന്ന് ചോദിച്ചപ്പോൾ കേസെടുത്ത് റിമാൻഡ് ചെയ്യുമെന്ന് പറഞ്ഞതായും സുധീർ പറയുന്നു.

സുധീറിനെ റോഡിലിട്ട് മർദിക്കുന്നത് കണ്ടവരാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാർ സുധീറിന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും പൊലീസുകാർ കാൾ കട്ട് ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.സുധീറിന്റെ സഹോദരി ഭർത്താവ് പൂവാർ സ്റ്റേഷനിൽ എത്തി സംഭവം തിരക്കിയെങ്കിലും പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ആണ് നേരിട്ടതെന്നും സുധീറിനെ കാണാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷന് മുൻപിൽ ആളുകൾ കൂടുന്നത് കണ്ടതിനെ തുടർന്നാണ് രാത്രി 7 മണിയോടെ സുധീറിനെ പൊലീസ് വിട്ടയച്ചത്. സാരമായി പരിക്കേറ്റ സുധീറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസിന്റെ ലാത്തി കൊണ്ടുള്ള അടിയിലും മർദനത്തിലും ശരീരമാസകലം സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. രോഗിയായ ഭാര്യയും രോഗ ബാധിതനായ മകൻ ഉൾപ്പടെ 3 മക്കളും അടങ്ങുന്ന സുധീറിന്റെ കുടുംബം പണി പൂർത്തിയാകാത്ത വീട്ടിലാണ് കഴിയുന്നത്. സുധീറിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഈ സംഭവത്തോടെ ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിലാണ് സുധീർ. സംഭവത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലൈൻറ്റ് അതോറിറ്റി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *