Breaking News

എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകളെന്ന് മമ്മൂട്ടി; മധുവിന്റെ 88ാം പിറന്നാളിന് ആശംസകളറിയിച്ച് മലയാള സിനിമാ ലോകം

മലയാള സിനിമയുടെ പ്രിയ നടന്‍ മധുവിന്റെ 88-ാം ജന്മദിനമാണിന്ന്. മധുവിന് ആശംകള്‍ നേരുകയാണ് മലയാള സിനിമാ ലോകം. എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ എന്നാണ് നടന്‍ മമ്മൂട്ടി കുറിച്ചത്. മധുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസ അറിയിച്ചത്. എക്കാലത്തേയും തന്റെ സൂപ്പര്‍സ്റ്റാറാണ് മധുവെന്ന് മമ്മൂട്ടി നേരത്തേയും പറഞ്ഞിരുന്നു. മമ്മൂട്ടിയെ കാണുന്നത് സ്വന്തം അനിയനെ പോലെയാണെന്ന് മധുവും വിവിധ വേദികളില്‍ പറഞ്ഞിട്ടുണ്ട്.

കൊവിഡ് കാലം തുടങ്ങിയതു മുതല്‍ മധു കണ്ണമ്മൂലയിലുള്ള വീട്ടിലാണ്. യാത്രകള്‍ക്കും അഭിനയത്തിനും തത്ക്കാലത്തേക്ക് ഒരു ഇടവേള കൊടുത്തിരിക്കുകയാണ് മധു. ഇതിനിടെ മമ്മൂട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ‘വണ്‍’ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും താന്‍ വായനയിലാണെന്നാണ് മധു പറയുന്നത്. ആഴ്ചപ്പതിപ്പുകള്‍ മുതല്‍ ക്ലാസിക് കൃതികള്‍ വരെ വായിക്കുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തുന്ന സിനിമകള്‍ മുടക്കം കൂടാതെ കാണുന്നുണ്ട്.

തിരുവനന്തപുരത്ത് ഉള്ളപ്പോള്‍ പണ്ടൊക്കെ കുടുംബ ക്ഷേത്രത്തില്‍ പിറന്നാള്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അതൊഴിവാക്കി. ഇത്തവണയും ഒഴിവാക്കേണ്ട സാഹചര്യമാണെന്നും മധു പറയുന്നു. 1933 സെപ്റ്റംബര്‍ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. ആര്‍. മാധവന്‍നായരാണ് സിനിമയിലെത്തിയപ്പോള്‍ മധുവായത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടിയ മധു നാഗര്‍കോവില്‍ ഹിന്ദു കോളേജിലെ ലക്ചറര്‍ ഉദ്യോഗം മതിയാക്കിയാണ് ദല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം പഠിക്കാന്‍പോവുന്നത്.

1959-ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കി. നടനുപുറമേ നിര്‍മാതാവും സംവിധായകനും കൂടിയാണ് മധു. വി.എം സുധീരന്‍ വി.എസ് ശിവകുമാര്‍, വിജി തമ്പി, ആന്റോ ജോസഫ് തുടങ്ങി മലയാള സിനിമാ രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പേരാണ് മധുവിന് ആശംസകള്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *