Breaking News

യുഎൻ പൊതുസഭയിൽ സംസാരിക്കണമെന്ന ആവശ്യവുമായി താലിബാൻ

യുഎൻ പൊതുസഭാ സമ്മേളനത്തിൽ സംസാരിക്കാൻ തങ്ങളെയും അനുവദിക്കണമെന്ന് താലിബാൻ. താലിബാൻ പ്രതിനിധിയെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് കത്ത് നൽകി. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന താലിബാൻ തീവ്രവാദികളുടെ വക്താവ് സുഹൈൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎൻ അംബാസഡറായി നിയമിച്ചതായി താലിബാൻ അറിയിച്ചു. നിലവിലുള്ള പ്രതിനിധി ഗുലാം ഇസാക്സായിയെ ഇനി അഫ്ഗാൻ പ്രതിനിധിയായി പരിഗണിക്കരുതെന്നും താലിബാൻ അറിയിച്ചു. താലിബാന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ യുഎസ്, ചൈന, റഷ്യ എന്നിവയടക്കമുള്ള രാജ്യങ്ങൾ ഉൾപ്പെട്ട ക്രെഡൻഷ്യൽ കമ്മിറ്റിക്ക് കത്ത് കൈമാറി.

അമേരിക്കയിൽ നടത്താനിരുന്ന സാർക് വിദേശ മന്ത്രിമാരുടെ യോഗം റദ്ദാക്കിയിരുന്നു. സമ്മേളനത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്താന്റെ ആവശ്യത്തിന് പിന്നാലെയാണ് നടപടി. ശനിയാഴ്ച ന്യൂയോർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗമാണ് റദ്ദാക്കിയത്. സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനെ ആര് പ്രതിനിധീകരിക്കുമെന്നതിൽ ആശയ കുഴപ്പം ഉണ്ടായി.

അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന പാക് നിർദേശത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടർന്നാണിത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പാക് നിർദേശത്തെ എതിർത്തു. താലിബാനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച നടന്ന ഷാൻഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നു. ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാർക്ക്. ഇന്ത്യ, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നവയാണ് സാർകിലെ അംഗരാജ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *