Breaking News

കോട്ടയം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വതന്ത്ര നിലപാട്: ആരെയും പിന്തുണയ്ക്കില്ലെന്ന് കെ സുരേന്ദ്രന്‍

കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്‍ഡിഎഫിനെയോ, യുഡിഎഫിനെയോ ബിജെപി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാപ്പനംകോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിനും യുഡിഎഫിനും എതിരായ രാഷ്ട്രീയ സമീപനമാണ് ബിജെപിക്ക് ഉള്ളതെന്നും മറ്റു ഒരു ചിന്തയും പാര്‍ട്ടിക്കില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

വെള്ളിയാഴ്ച യുഡിഎഫിനെതിരെ ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചിരുന്നു. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമാണ് ഉളളത്. ബിജെപിയുടെ എട്ട് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു.

അതേസമയം ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐയുടെ പിന്തുണയോടെയാണ് പാസാക്കിയത്. ഇതോടെ ഇവിടെയും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. 28 അംഗ നഗരസഭയില്‍ യുഡിഎഫിന് 14 അംഗങ്ങളാണുണ്ടായിരുന്നത്. എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളും. പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *