Breaking News

അസം വെടിവെയ്പ്പ്; സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കുന്നതായി അസം മുഖ്യമന്ത്രി

അസമില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംഘർഷം ആസൂത്രതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച ചില തെളിവുകള്‍ സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിലെ പൊലീസ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന.

60 കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയത്. എന്നാല്‍ പതിനായിരത്തോളം പേരാണ് ആ സമയം അവിടെ ഉണ്ടായിരുന്നത്. ഇവരെ എത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് സംശയിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കുടിയൊഴിപ്പിക്കല്‍ നടപടി ഒഴിവാക്കാന്‍ സര്‍ക്കാരിനെ സ്വാധീനിക്കാമെന്ന് അവകാശപ്പെട്ട് ഒരു പ്രത്യേക സംഘം പാവപ്പെട്ട ജനങ്ങളില്‍ നിന്ന് 28 ലക്ഷം രൂപ ശേഖരിച്ചതായി സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കൈയ്യില്‍ അവരുടെ പേരുകളുമുണ്ട്. എന്നാല്‍ നടപടി ഒഴിവാക്കാനാകില്ലെന്ന് മനസിലാക്കിയതോടെ അവര്‍ ജനങ്ങളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. അതില്‍ ഉള്‍പ്പെട്ട ആറോളം പേരുടെ പേരുകളും ഞങ്ങളുടെ പക്കലുണ്ട്.

സംഘര്‍ഷമുണ്ടാകുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാനെന്ന പേരില്‍ പിഎഫ്‌ഐ സ്ഥലം സന്ദര്‍ശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു കോളേജ് ലക്ചറര്‍ ഉള്‍പ്പെടെ ചിലരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവരുന്നുണ്ട്. ഇതെല്ലാം അന്വേഷണ വിധേയമാക്കും. നിലവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടുവരുന്നവരെ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ദാരംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കലിനിടെ വ്യാഴാഴ്ച ഉണ്ടായ സംഘര്‍ഷത്തിലും പൊലീസ് വെടിവെപ്പിലും രണ്ടു പേര്‍ കൊല്ലപ്പെടുകയും 20- ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *