Breaking News

അനുനയനീക്കം പാളി, നിലപാടിലുറച്ച് സുധീരന്‍; നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സതീശന്‍

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവെച്ച മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം പാളി. രാജി തീരുമാനത്തില്‍ സുധീരന്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരത്തെ സുധീരന്റെ വീട്ടിലെത്തിയാണ് അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയത്.

തന്റെ ഭാഗത്തു നിന്ന് വീഴ്ച പറ്റിയെന്ന് സതീശന്‍ സമ്മതിച്ചു. ഇക്കാര്യം സുധീരനോട് ക്ഷമാപണം നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ പരിഗണിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സുധീരന്റെ നിലപാടുകളില്‍ നിന്ന് പിന്മാറ്റാന്‍ പ്രയാസമെന്നും സതീശന്‍ പറഞ്ഞു.

നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സുധീരനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാജിക്ക് ശേഷം സുധീരന്‍ ഇതുവരെ നിലപാട് എന്താണെന്ന് പരസ്യമായി പ്രതികരിച്ചിട്ടില്ല. ഡിസിസി അധ്യക്ഷ പട്ടികയില്‍ അടുപ്പക്കാരായവര്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്നതിലെ അതൃപ്തിയാണ് സുധീരന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന. സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കെപിസിസി പുനഃസംഘടനയില്‍ ചിലരെ തിരുകി കയറ്റാനാണ് ശ്രമമെന്നും കോണ്‍ഗ്രസിനകത്ത് തന്നെ അഭിപ്രായവും ഉയരുന്നുണ്ട്.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും സുധീരന്റെ രാജിയെ അപലപിച്ചിരുന്നു. നേതാക്കളെ അനുനയിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കെ സുധാകരന്റെ നേതൃത്വം ശ്രമം തുടരുന്നതിനിടെ അപ്രതീക്ഷിതമായായിരുന്നു വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *