Breaking News

പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ ഭര്‍ത്താവ്​: യുവതി ആശുപത്രിയില്‍

ഭോപാല്‍: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ ഭർത്താവ്​​. മധ്യപ്രദേശിലെ രത്​ലം ജില്ലയിലാണ്​ സംഭവം. മൂക്കിന്​ ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ്​ ദിനേശ്​ മാലിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 2008ലായിരുന്നു ദിനേഷിന്‍റെയും ടിനയുടെയും വിവാഹം. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്​. ദിനേഷ്​ ജോലിക്ക്​ പോകാറില്ലെന്നും ദിവസവും വീട്ടില്‍ മദ്യപിച്ച്‌​ എത്തുമായിരുന്നുവെന്നും ടിന നല്‍കിയ പൊലീസിന്​ മൊഴിയില്‍ പറയുന്നു.

ദിനേഷ്​ ദിവസവും മദ്യപിച്ച്‌​ എത്തുന്നതോടെ ഇരുവരും തമ്മില്‍ വഴക്കും പതിവായി. ടിനയെ ദിനേഷ്​ ഉപദ്രവിക്കുകയും ചെയ്​തിരുന്നു. ഇതോടെ യുവതി രണ്ടു പെണ്‍മക്കളുമായി സ്വന്തം വീട്ടിലേക്ക്​ മടങ്ങി. പാചകത്തൊഴില്‍ ചെയ്​തായിരുന്നു ടിന കുട്ടികളെ നോക്കിയിരുന്നത്​. 2019ല്‍ ടിന കോടതിയെ സമീപിച്ച്‌​ ഭര്‍ത്താവില്‍നിന്ന്​ ജീവനാംശം വേണമെന്ന്​ ആവശ്യപ്പെട്ടു.

കേസ്​ നടന്നുകൊണ്ടിരിക്കേ കഴിഞ്ഞദിവസം ദിനേഷ്​ ടിനയുടെ വീട്ടിലെത്തുകയായിരുന്നു. ജീവനാംശം സംബന്ധിച്ച ചര്‍ച്ച പിന്നീട്​ ബഹളത്തില്‍ കലാശിച്ചു. ഇതോടെ ദിനേഷ്​ ടിനയുടെ മൂക്കില്‍ കടിക്കുകയായിരുന്നു. മൂക്കില്‍നിന്ന്​ രക്തം വന്നതോടെ ദിനേഷ്​ സംഭവ സ്​ഥലത്തുനിന്ന്​ ഓടി​രക്ഷപ്പെട്ടു. ടിനയുടെയും മക്കളുടെയും കരച്ചില്‍കേട്ട്​ നാട്ടുകാര്‍ ഓടിയെത്തുകയും യുവതിയെ ആശുപത്രിയിലാക്കുകയുമായിരുന്നു. ടിന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്​. ദിനേഷിനെതിരെ അലോട്ട്​ പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *