Breaking News

ടെലികോം കമ്പനികളുമായുള്ള കേസുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ടെലികോം പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ടെലികോം കമ്പനികളുമായി നിലവിലുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം. ടെലികോം കമ്പിനികളുമായി നിലനില്‍ക്കുന്ന കേസുകള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ടെലികോം കമ്പനികളും സര്‍ക്കാരും നിരവധി കോടതി കേസുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇതില്‍ നിന്ന് പ്രയോജനം നേടുന്നത് അഭിഭാഷകര്‍ മാത്രമാണെന്നും ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോടതി കേസുകള്‍ എത്രയും വേഗം തീര്‍ക്കാനും ടെലികോമിന് മേലുള്ള ഭാരം കുറയ്ക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് ടെലികോം മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുകയും ടെലികോം കമ്പനികള്‍ നിയമപ്രകാരം നല്‍കേണ്ട ലെവി നല്‍കാന്‍ അടിസ്ഥാനമാക്കുന്ന എ.ജി.ആറില്‍നിന്ന് (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) ടെലികോം ഇതര റവന്യൂ ഒഴിവാക്കുകയും ചെയ്തിരുന്നു. പലിശനിരക്ക് കുറയ്ക്കുകയും പിഴ ഒഴിവാക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ലൈസന്‍സ് ഫീ, സ്‌പെക്ട്രം ഉപയോഗ നിരക്ക് എന്നിവ വൈകിയാലുള്ള പലിശ നാലില്‍നിന്ന് രണ്ടുശതമാനമാക്കുകയും പലിശയ്ക്കുമേലുള്ള പിഴ ഒഴിവാക്കുകയും ചെയ്തു.

ലേലം, സ്പെക്രടത്തിന്റെ കാലാവധി എന്നിവ 20-നു പകരം 30 വര്‍ഷമാക്കുകയും സ്പെക്ട്രം ലേലം വര്‍ഷത്തിന്റെ അവസാനപാദത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എ.ജി.ആറുമായി ബന്ധപ്പെട്ട കുടിശ്ശികയ്ക്ക് നാലുവര്‍ഷത്തെ മൊറട്ടോറിയവും
മുന്‍വര്‍ഷങ്ങളില്‍ സ്പെക്ട്രം വാങ്ങിയ വകയിലുള്ള കുടിശ്ശികയ്ക്കും മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *