വാഷിംഗ്ടണ്‍: ഒറ്റരാത്രിയില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തിന്റെ സേവനം നിലച്ചതോടെ ഓഹരി മൂല്യത്തില്‍ ഇടിവ്. ഇതോടെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര് ബര്ഗിന് നഷ്ടമായത് 700 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഓഹരി മൂല്യം 4.9 ശതമാനത്തിലധികം ഇടിഞ്ഞതോടെ സക്കര്‍ബര്‍ഗ് ബ്ലൂബര്‍ഗിന്റെ ശതകോടിശ്വരന്മാരുടെ പട്ടികയില്‍ നിന്നും പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ തുടങ്ങിയവയുടെ സേവനമാണ് ഏഴു മണിക്കൂറോളം തടസപ്പെട്ടത്. പ്രതിദിനം 2 മില്യണിലധികം സജീവ ഉപഭോക്താക്കളുള്ള ഫേസ്ബുക്കിന്റെ ഓഹരി മൂല്യം ആദ്യമായാണ് ഇത്രത്തോളം കുറയുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന് പരസ്യ വരുമാനത്തില്‍ 5,45,000 ഡോളര്‍ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം സേവനങ്ങള്‍ നിലച്ച സംഭവത്തില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് സക്കര് ബര്‍ഗ് രംഗത്തെത്തി. എന്നാല്‍ സേവനങ്ങള്‍ ഇത്രയധികം നേരം തടസപ്പെടാനുണ്ടായ കാരണം കമ്പനി ഇതു വരെ പുറത്ത് വിട്ടിട്ടില്ല.