Breaking News

രാഷ്ട്രീയക്കാരൻ എന്നതിനർത്ഥം കാർ ഇടിപ്പിച്ച് ആരെയെങ്കിലും കൊല്ലുക എന്നല്ല: യു.പി ബിജെപി അധ്യക്ഷൻ

ഒരു രാഷ്ട്രീയ നേതാവായിരിക്കുക എന്നതിനർത്ഥം ഫോർച്യൂണർ കാർ ഉപയോഗിച്ച് ആരെയെങ്കിലും ഇടിച്ചുകൊല്ലുക എന്നല്ലെന്ന് ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് ഞായറാഴ്ച പറഞ്ഞു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരെ വണ്ടി ഇടിച്ചു കൊലപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരായ ആരോപണങ്ങൾക്കിടയിലാണ് ബിജെപി അധ്യക്ഷന്റെ പരാമർശം. ലക്‌നൗവിൽ പാർട്ടിയുടെ മൈനോറിറ്റി ഫ്രന്റിന്റെ സംസ്ഥാന എക്സിക്യൂട്ടീവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു യു.പി ബിജെപി അധ്യക്ഷൻ.

“ഒരാളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് വിജയിക്കേണ്ടത്. രാഷ്ട്രീയം എന്നത് നിങ്ങളുടെ സമൂഹത്തെയും നിങ്ങളുടെ രാഷ്ട്രത്തെയും സേവിക്കുന്നതിനാണ്. ജാതിയും മതവും നോക്കരുത്. ഒരു രാഷ്ട്രീയ നേതാവാകുക എന്നതിനർത്ഥം കൊള്ളയടിക്കുക എന്നല്ല,ഫോർച്യൂണർ കാർ ഉപയോഗിച്ച് ആരെയെങ്കിലും ഇടിച്ചുകൊല്ലുക എന്നല്ല. പാവപ്പെട്ടവരെ സേവിക്കുന്നതിനാണ് നമ്മൾ ഈ പാർട്ടിയിൽ ഉള്ളത്. രാഷ്ട്രീയം ഒരു പാർട്ട് ടൈം ജോലിയല്ല,” സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സ്വതന്ത്ര ദേവ് സിംഗ് അഭിനന്ദിച്ചു, “ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് വ്യക്തികൾ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി. മോദി പാവപ്പെട്ടവർക്കായി ബാങ്ക് അക്കൗണ്ടുകൾ തുറന്നു. പ്രധാനമന്ത്രി മോദിയും യോഗിയും സംസ്ഥാനത്ത് ഏഴ് ലക്ഷം വീടുകൾ നിർമ്മിച്ചു. വോട്ടിനെക്കുറിച്ചും മതത്തെക്കുറിച്ചും ചോദിച്ചില്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് വാക്സിനുകൾ അയയ്ക്കുന്നു. ഗ്യാസ്, വൈദ്യുതി കണക്ഷനുകൾ, ടോയ്‌ലറ്റുകൾ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം മാറുകയാണ്,” സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.

ഇടക്കാല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു ദശാബ്ദക്കാലം രാജ്യത്തെ കൊള്ളയടിച്ചുവെന്നും സ്വതന്ത്ര ദേവ് സിംഗ് ആരോപിച്ചു. ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.