Breaking News

മഹാ ബന്ദിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെയാണോ എന്ന് സ്വയം ചോദിക്കണം: സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രാ ബന്ദിനെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ലഖിംപൂരിലെ കര്‍ഷക കൊലയില്‍ പ്രതിഷേധിച്ച് നടത്തുന്ന ബന്ദിനെ എതിര്‍ക്കുന്നവര്‍ തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണോ എന്ന് സ്വയം ചോദിക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

” ആരെങ്കിലും ഈ പ്രതിഷേധത്തെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ ഈ രാജ്യത്തെ പൗരന്മാരാണോ എന്ന് സ്വയം ചോദിക്കണം,” റാവത്ത് പറഞ്ഞു. ബന്ദിനുള്ള ആഹ്വാനം നൂറ് ശതമാനം വിജയകരമാണെന്നും ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജനങ്ങള്‍ അവരുടെ രോഷം പ്രകടിപ്പിച്ചെന്നും റാവത്ത് പറഞ്ഞു.

ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഭരണ കക്ഷിയായ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും പ്രതിഷേധത്തില്‍ പങ്കാളിയാവും. പ്രതിഷേധവുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് പ്രതിഷേധക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ആവശ്യസേവനങ്ങള്‍ ഒഴികെയുള്ള ബാക്കിയെല്ലാം ബന്ദില്‍ നിശ്ചലമാകും. കടകള്‍ പൂര്‍ണമായും അടച്ചിട്ടാണ് പ്രതിഷേധിക്കുന്നത്. കര്‍ഷകരെ പിന്തുണക്കാനും ഒരു ദിവസം ജോലിയുള്‍പ്പെടെ നിര്‍ത്തിവെച്ച് സഹകരിക്കണമെന്ന് എന്‍.സി.പി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക കൊലപാതകത്തില്‍ മകന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.