Breaking News

എയർ ഇന്ത്യ, നാടിന്റെ പൊതുസ്വത്തുക്കൾ ചുളുവിലയ്ക്ക് വിൽക്കുന്ന ഏർപ്പാട്; വിമർശനവുമായി തോമസ് ഐസ്ക്

എയർ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാനപങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്. വലിയൊരു പ്രതിഷേധം ഒന്നുമില്ലാതെ എയർ ഇന്ത്യ വിൽപ്പനയോടു പൊതുബോധം പൊരുത്തപ്പെട്ട മട്ടാണെന്ന് അദ്ദേഹം വിമർശിക്കുന്നു.

50000 കോടി രൂപയുടെ ആസ്തിയുടെ നിയന്ത്രണം 2700 കോടി രൂപ ക്യാഷായി നൽകി റ്റാറ്റ ഏറ്റെടുത്തിരിക്കുന്നു. ബിജെപി എത്ര ഉദാരമായിട്ടാണു നെഹ്റുവിന്റെ കൈത്തൈറ്റിനെ തിരുത്തുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 18000 കോടി രൂപയുടെ ബാധ്യത മാത്രമേ റ്റാറ്റ ഏറ്റെടുക്കുന്നുള്ളൂ. ബാക്കി മുഴുവൻ പൊതുമേഖലയിലുള്ള പുതിയൊരു ഹോൾഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ഈ 18000 കോടി രൂപയിലാണ് കാശായി 2700 കോടി രൂപ കൊടുക്കുന്നത്. ബാക്കി എയർ ഇന്ത്യ ഭാവിയിൽ ഉണ്ടാക്കുന്ന ലാഭത്തിൽ നിന്നും തട്ടിക്കിഴിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. എന്നുവച്ചാൽ അത്രയും തുകയ്ക്കുള്ള കോർപ്പറേറ്റ് നികുതി റ്റാറ്റ നൽകണ്ട. ഇതാണു കാവ്യനീതി.

എയർ ഇന്ത്യയുടെ വിജയകരമായ വിൽപ്പനമൂലം ഇന്ത്യാ സർക്കാരിന്റെ പൊതുമേഖലാ വിൽപ്പനകൾക്കു ചിറകുവച്ചിരിക്കുകയാണ് എന്നാണു റിപ്പോർട്ട്. ഈ മാതൃകയിലാണു വിൽപ്പനയെങ്കിൽ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്കു കിട്ടും. പക്ഷെ, സർക്കാരിന് എന്തു കിട്ടും? എത്രയോ പതിറ്റാണ്ടു ജനങ്ങളിൽ നിന്നു പിരിച്ച നികുതികൊണ്ടു സ്വരൂപിച്ച നാടിന്റെ പൊതുസ്വത്തുക്കൾ ചുളുവിലയ്ക്കു വിൽക്കുന്ന ഏർപ്പാടാണു സ്വകാര്യവൽക്കരണവും മോണിറ്റൈസേഷനുമെന്നും അദ്ദേഹം വിമർശിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

വലിയൊരു പ്രതിഷേധം ഒന്നുമില്ലാതെ എയർ ഇന്ത്യ വിൽപ്പനയോടു പൊതുബോധം പൊരുത്തപ്പെട്ട മട്ടാണ്. മാധ്യമങ്ങളുടെ തലക്കെട്ടുതന്നെ നോക്കിയാൽമതി. വലിയൊരു വിഭാഗം കാവ്യനീതിയായിട്ടാണ് ഇതിനെ കാണുന്നത്. മറ്റുള്ളചിലർ എയർ ഇന്ത്യ തറവാട്ടിൽ തിരിച്ചെത്തിയെന്ന് ആശ്വസിക്കുകയാണ്. ബിജെപി ടിവിയുടെ ഇൻഡ്രോയാണ് കലക്കിയത്. “നെഹ്റുവിന്റെ ചതിക്ക് കാലത്തിന്റെ തിരുത്ത്; പറക്കും മഹാരാജയെ വീണ്ടെടുത്ത് റ്റാറ്റ”.
മറ്റു പല രാജ്യങ്ങളിലുമെന്നപോല രാജ്യത്തിന്റെ ഉടമസ്ഥതയിൽ അന്താരാഷ്ട്ര വിമാനക്കമ്പനി വേണമെന്ന കാഴ്ചപ്പാടിൽ 1953-ൽ എയർ ഇന്ത്യ ദേശസാൽക്കരിക്കുമ്പോൾ ഏതാനും വിമാനങ്ങളേ കമ്പനിക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് 128 വിമാനങ്ങളുള്ള ലോകത്തെ പ്രമുഖ കമ്പനികളിൽ ഒന്നായി വളർന്നത് രാജ്യത്തിന്റെ ഭീമമായ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യാ സർക്കാരിന്റെ ഹോൾഡിംഗ് കമ്പനിയിലേയ്ക്ക് നോൺ കോർ അസറ്റുകൾ മാറ്റിയിട്ടും സർക്കാരിന്റെ കണക്കു പ്രകാരം 50000-ത്തിൽപ്പരം കോടി രൂപയാണ് എയർ ഇന്ത്യയുടെ ആസ്തികൾ. ലോഗോ, ആർട്ട് കളക്ഷൻ, ബ്രാൻഡ് നെയിം ഇതൊക്കെ എങ്ങനെയാണു വിലയിട്ടിരിക്കുന്നതെന്നു പരിശോധിക്കുമ്പോഴേ അറിയൂ. ഈ 50000 കോടി രൂപയുടെ ആസ്തിയുടെ നിയന്ത്രണം 2700 കോടി രൂപ ക്യാഷായി നൽകി റ്റാറ്റ ഏറ്റെടുത്തിരിക്കുന്നു. ബിജെപി എത്ര ഉദാരമായിട്ടാണു നെഹ്റുവിന്റെ കൈത്തൈറ്റിനെ തിരുത്തുന്നത്.
62000 കോടി രൂപയാണ് മൊത്തം കടബാധ്യത. ഇതിൽ വലിയൊരു പങ്ക് രണ്ടാം യുപിഎയുടെ കാലത്ത് 110 ബോയിംങ് പ്ലെയിനുകൾ വാങ്ങുന്നതിന് ഉണ്ടാക്കിയ കരാർ സൃഷ്ടിച്ചതാണ്. ഇതിനെക്കുറിച്ച് സിഎജിയുടെ അതിനിശിതമായ വിമർശനം അന്നു വലിയ കോളീളക്കം സൃഷ്ടിച്ചതാണ്. ഈ ഭീമമായിട്ടുള്ള കടബാധ്യതയ്ക്കു കൊടുക്കേണ്ടിവരുന്ന പലിശയാണ് എയർ ഇന്ത്യയെ നഷ്ടത്തിലാക്കുന്നത്. 2015-16 മുതൽ എയർ ഇന്ത്യ ഓപ്പറേറ്റിംഗ് ലാഭത്തിലാണ്. അതായത് പലിശ, ഡിപ്രിസിയേഷൻ, നികുതി എന്നിവ കുറയ്ക്കുുന്നതിനുമുമ്പ് എയർ ഇന്ത്യ കഴിഞ്ഞ ഏതാനും വർഷങ്ങളായി ലാഭത്തിലാണ്. ഇതിൽ ഏറ്റവും വലിയയിനം പലിശയാണ്. ഈ പലിശയിൽ നിന്നും റ്റാറ്റയുടെ എയർ ഇന്ത്യയ്ക്കു മോചനം ലഭിച്ചിരിക്കുകയാണ്. സ്വാഭാവികമായും കമ്പനി ലാഭത്തിലാകും. ഇത് റ്റാറ്റയുടെ വലിയ മാജിക്കായി പ്രകീർത്തിക്കപ്പെടുകയും ചെയ്യും.
ആരാണ് ഈ പലിശ കൊടുക്കുക? നികുതിപ്പണംകൊണ്ട് ഇന്ത്യാ സർക്കാർ നൽകും. കാരണം 18000 കോടി രൂപയുടെ ബാധ്യത മാത്രമേ റ്റാറ്റ ഏറ്റെടുക്കുന്നുള്ളൂ. ബാക്കി മുഴുവൻ പൊതുമേഖലയിലുള്ള പുതിയൊരു ഹോൾഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ഈ 18000 കോടി രൂപയിലാണ് കാശായി 2700 കോടി രൂപ കൊടുക്കുന്നത്. ബാക്കി എയർ ഇന്ത്യ ഭാവിയിൽ ഉണ്ടാക്കുന്ന ലാഭത്തിൽ നിന്നും തട്ടിക്കിഴിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. എന്നുവച്ചാൽ അത്രയും തുകയ്ക്കുള്ള കോർപ്പറേറ്റ് നികുതി റ്റാറ്റ നൽകണ്ട. ഇതാണു കാവ്യനീതി.
ഭൂമി പോലുള്ള നോൺകോർ അസറ്റ്സ് ഹോൾഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയതും വിൽപ്പനയെ വെള്ളപൂശാനാണോയെന്നു സംശയിക്കേണ്ടതുണ്ട്. എയർ ഇന്ത്യയ്ക്കു കൈമാറിയ ആസ്തികൾ ഇരിക്കുന്നസ്ഥലം എങ്ങനെയാണു പുറത്തുള്ള ഒരാൾക്കു മോണിറ്റൈസ് ചെയ്തു കൈമാറാൻ കഴിയുക? സ്ഥലം റ്റാറ്റയ്ക്കു കൈമാറി കിട്ടിയിട്ടില്ലായെന്നേയുള്ളൂ. അതിന്റെ തുടരുപയോഗം റ്റാറ്റയ്ക്കു തന്നെ.
എയർ ഇന്ത്യയുടെ വിജയകരമായ വിൽപ്പനമൂലം ഇന്ത്യാ സർക്കാരിന്റെ പൊതുമേഖലാ വിൽപ്പനകൾക്കു ചിറകുവച്ചിരിക്കുകയാണ് എന്നാണു റിപ്പോർട്ട്. ഈ മാതൃകയിലാണു വിൽപ്പനയെങ്കിൽ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്കു കിട്ടും. പക്ഷെ, സർക്കാരിന് എന്തു കിട്ടും? എത്രയോ പതിറ്റാണ്ടു ജനങ്ങളിൽ നിന്നു പിരിച്ച നികുതികൊണ്ടു സ്വരൂപിച്ച നാടിന്റെ പൊതുസ്വത്തുക്കൾ ചുളുവിലയ്ക്കു വിൽക്കുന്ന ഏർപ്പാടാണു സ്വകാര്യവൽക്കരണവും മോണിറ്റൈസേഷനും.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.