Breaking News

കുണ്ടറ പീഡനപരാതി; പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെ മൂന്ന് പേരെ എൻസിപി പുറത്താക്കി

കുണ്ടറ പീഡനപരാതിയിൽ കടുത്ത നടപടിയുമായി എൻ.സി.പി. പരാതി നൽകിയ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെ എട്ട് പേരെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കി. പരാതിക്കാരിയുടെ അച്ഛൻ, ആരോപണ വിധേയരായ ജി.പത്മാകരൻ, രാജീവ് എന്നിവരെയാണ് പുറത്താക്കിയത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ എട്ട് പേരെയും സസ്‌പെൻഡ് ചെയ്തു.

പീഡനപരാതി ഒത്തുതീർക്കാൻ ഇടപെട്ട് യുവതിയുടെ പിതാവിനു മന്ത്രി എ.കെ.ശശീന്ദ്രൻ ഫോൺ ചെയ്തെന്ന വിവരം പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ജി.പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം ഉയർന്നത്. പരാതിക്കാരിയുടെ പിതാവിനെ ഫോണിൽ വിളിച്ചാണ് ഒത്തുതീർപ്പ് ആവശ്യപ്പെട്ടത്. പരാതി നല്ലരീതിയിൽ തീർക്കണമെന്ന് ശശീന്ദ്രൻ പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.

കൊല്ലത്തു നിന്നുളള സംസ്ഥാന സമിതി അംഗം പ്രദീപും പാർട്ടിക്ക് പുറത്തായി. മന്ത്രി ശശീന്ദ്രൻ വിഷയത്തിൽ ഇടപെട്ടത് പ്രദീപ് പറഞ്ഞതു പ്രകാരമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജയൻ പുത്തൻ പുരക്കൽ (എറണാകുളം), എസ്.വി. അബ്ദുൾ സലീം (കോഴിക്കോട് ), ബിജു ബി. (കൊല്ലം), ഹണി വിറ്റോ (തൃശൂർ) എന്നിവരെയും പുറത്താക്കിയതായാണ് റിപ്പോർട്ട്. ശശീന്ദ്രൻ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചവരാണ് ഈ നേതാക്കൾ.

എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചതിൽ പാർട്ടി അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. പാർട്ടിയിലെ പ്രശ്‌നം എന്ന നിലയിൽ മാത്രമാണ് മന്ത്രി ആരോപണം ഉന്നയിച്ച യുവതിയുടെ പിതാവിനെ വിളിച്ചതെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.