Breaking News

ഊര്‍ജമേഖലയിലെ പ്രതിസന്ധിയില്‍ നേരിട്ടിടപെട്ട് പ്രധാനമന്ത്രി; ദീര്‍ഘകാല പരിഹാരപദ്ധതി നടപ്പിലാക്കും

ഊര്‍ജമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മേഖലയില്‍ ദീര്‍ഘകാല പരിഹാര പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. വൈദ്യുതി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഊര്‍ജിതപ്പെടുത്തും. കല്‍ക്കരി ഉത്പാദനം വര്‍ധിപ്പിക്കാനും കോള്‍ ഇന്ത്യ ലിമിറ്റഡിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ പ്രതിദിന കല്‍ക്കരി ഉത്പാദനം രണ്ടുദശലക്ഷം ടണ്‍ ആയി ഉയര്‍ത്തും. രാജ്യത്ത് 22 ദിവസത്തേക്കുകൂടിയുള്ള കല്‍ക്കരി ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. കല്‍ക്കരി ക്ഷാമമില്ലെന്നും മഴ കുറഞ്ഞതോടെ ലഭ്യത കൂടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി യോഗത്തെ അറിയിച്ചു. കല്‍ക്കരി വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് വരുത്തിയതെന്നും സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം കല്‍ക്കരി ലഭ്യമാക്കുമെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

കല്‍ക്കരി ക്ഷാമത്തെതുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഡല്‍ഹി, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമാണ്.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ 135 താപനിലയത്തില്‍ 80 ശതമാനവും രൂഷമായ കല്‍ക്കരിക്ഷാമം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി പ്രതിസന്ധിയൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *