Breaking News

ഇടുക്കിയിൽ ജാഗ്രതാ നിർദേശം; ഈ മാസം 24 വരെ രാത്രി യാത്ര നിരോധിച്ചു

മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം. ഈ മാസം 24 വരെ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

അതേസമയം ഇടുക്കി ഡാമിൽ ജലനിരപ്പിൽ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. നീരൊഴുക്ക് കുറഞ്ഞതും മഴയ്ക്ക് ശമനമായതും ആശ്വാസമായി. പെരിയാറിലെ ജലനിരപ്പും ആശ്വാസകരമായി തുടരുന്നു. നിലവിൽ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ഇല്ല. തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. ആശങ്ക ഒഴിഞ്ഞെങ്കിലും മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകടമേഖലകളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഈ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. മലയോരമേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതിരോധ നടപടിൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *