Breaking News

എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടന; തങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് എബിവിപി

എസ്.എഫ്.ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ എ.ഐ.എസ്.എഫ് നേതാക്കൾക്ക് ഭയമാണെന്ന് എ.ബി.വി.പി സംസ്‌ഥാന സെക്രട്ടറി എം.എം ഷാജി. എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന ഇരയാണ് എംജി സർവകലാശാലയിലെ എഐഎസ്എഫുകാർ. എംജി സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് വനിതാനേതാക്കളെപോലും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.എഫ്.ഐയുടെ ഗുണ്ടായിസം കലാലയങ്ങളിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഷാജി പറഞ്ഞു.

കലാലയങ്ങളിലെ ഫാസിസ്റ്റ് മുഖമായ എസ്.എഫ്.ഐയുമായി എ.ബി.വി.പിയെയും ആർ.എസ്.എസ്സിനെയും താരതമ്യം ചെയ്ത എ.ഐ.എസ്.എഫ് വനിതാനേതാവിന്റെ പ്രതികരണം അംഗീകരിക്കാനാവില്ലെന്നും, എ.ഐ.എസ്.എഫ് നേതാക്കൾ വിദ്യാർത്ഥിസംഘടനാ ചരിത്രം പഠിക്കുവാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ മൃഗീയ ഭൂരിപക്ഷമുള്ള കലാലയങ്ങളിലെല്ലാം മറ്റ് വിദ്യാർത്ഥിപ്രസ്‌ഥാനങ്ങളെ അക്രമിച്ചും കൊലപ്പെടുത്തിയും ഉന്മൂലനം ചെയ്യുന്ന ശൈലിയാണ് പിന്തുടരുന്നത്.

എബിവിപി യൂണിയൻ ഭരിക്കുന്ന കലാലയങ്ങളിലെല്ലാം മറ്റ് വിദ്യാർത്ഥി പ്രസ്‌ഥാനങ്ങൾ സ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കുന്നുണ്ടെന്നും, കലാലയങ്ങളിലെ എസ്എഫ്ഐ ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്നത് എബിവിപിയാണെന്നും വിദ്യാർത്ഥിസംഘടനാ ചരിത്രം പഠിച്ചാൽ എഐഎസ്എഫ് നേതാക്കൾക്ക് മനസിലാക്കാൻ സാധിക്കും. കലാലയങ്ങളിലെ എസ്എഫ്ഐയുടെ ഫാസിസത്തിനെതിരെ എഐഎസ്എഫ് ഉൾപ്പെടെയുള്ള പ്രസ്‌ഥാനങ്ങൾ മുന്നോട്ട് വരണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി പറഞ്ഞു.

അതേസമയം എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാക്കേസ് ചുമത്തി. കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ജാതി അധിക്ഷേപം എന്നീ വകുപ്പുകളിലാണ് കേസ്.

എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ സി.എ അമൽ, അർഷോ, പ്രജിത്ത്, കെ.എം അരുൺ, ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്. എസ്എഫ്ഐ നേതാക്കളിൽ നിന്ന് നേരിട്ടത് ലൈംഗിക അതിക്രമമെന്ന് എഐഎസ്എഫ് വനിതാ നേതാവ് മൊഴിനൽകി. ശരീരത്തിൽ കടന്നു പിടിച്ച് നേതാക്കൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

അതേസമയം, ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തിരഞ്ഞെടുപ്പു ദിവസം കാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറയന്നു.

Leave a Reply

Your email address will not be published. Required fields are marked *