Breaking News

ആക്രമിച്ചവരിൽ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗവുമുണ്ട്; മൊഴി നൽകി എഐഎസ്എഫ് വനിത നേതാവ്

എം.ജി.യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എഫ്ഐ അക്രമത്തിൽ തന്നെ ആക്രമിച്ചവരിൽ മന്ത്രിയുടെ സ്റ്റാഫ് അംഗം അരുണും ഉണ്ടെന്ന് ഇരയായ എഐഎസ്എഫ് വനിത നേതാവ്. ആദ്യമൊഴിയിൽ വിട്ടുപോയ പേരാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തനിക്ക് പാർട്ടി സംരക്ഷണമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

വനിതാ നേതാവിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ആദ്യ മൊഴിയിൽ രേഖപെടുത്താത്ത വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫ് അംഗം കെ എം അരുണിനെ കുറിച്ച് വനിത നേതാവ് ആവർത്തിച്ച് മൊഴിനൽകി. കൂടാതെ എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ടി എം ആർഷോക്കെതിരെയും മൊഴി നൽകി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോട്ടയത്ത് നിന്നുള്ള അന്വേഷണ സംഘം എത്തി മൊഴി രേഖപ്പെടുത്തിയത്. പറവൂർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

പാർട്ടി ഓഫീസിൽവച്ച്‌ മൊഴി നൽകാമെന്ന് വനിതാ നേതാവ് പറഞ്ഞത് ആദ്യം പൊലീസ് അംഗീകരിച്ചെങ്കിലും പിന്നീടിത് മുനമ്പം ഡി.വൈഎസ്പിയുടെ പറവൂർ ഓഫീസിലേക്ക് മാറ്റി. ഇടതുപക്ഷ നയം സ്ത്രീസുരക്ഷയാണെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വനിതാ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *