Breaking News

കേന്ദ്രത്തിന് നിര്‍ണായക ദിനം; പെഗാസസില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് കോടതി വിധി നിര്‍ണായകമായിരിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്. ഇസ്രഈലി കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ നിര്‍മാതാക്കള്‍.

ദേശീയ മാധ്യമമായ വയര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം 300ഓളം പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി, തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി, ഇലക്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രം അംഗീകരിച്ചിട്ടില്ല. വിവാദം കെട്ടിച്ചമച്ചതാണെന്നാണ് കേന്ദ്രത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *