Breaking News

കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത പ്രതികൾ പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികൾ പിടിയിൽ. പുലയനാർ കോട്ട സ്വദേശി ചന്തു (45),പുത്തൻ തോപ്പ് സ്വദേശി സമീർ (24), ചിറ്റാറ്റുമുക്ക് സ്വദേശി അൻഷാദ് (24) എന്നിവരാണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
അക്രമ ശേഷം കഠിനംകുളത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിവിലായിരുന്നു ഇവർ.

ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനിൽ ഷിജുവിന്റെ വീടിന് നേരെ അക്രമം നടത്തിയത്. സിപിഐഎം നെഹ്‌റു ജംഗ്ഷൻ ബ്രാഞ്ച് അംഗമാണ് ഷിജു. ബൈക്കിൽ എത്തിയ സംഘം വാളുമായി ചാടിയിറങ്ങി വീടിന്റെ ഗേറ്റ് ചവിട്ടി പൊളിക്കുന്നത് കണ്ട് വീടിന്റെ മുറ്റത്തു നിന്ന ഷിജു ഓടി വീട്ടിൽ കയറി വാതിൽ അടച്ചു രക്ഷപ്പെടുകയായിരുന്നു. ഷിജുവിനെ കൊല്ലുമെന്ന് പോർവിളി മുഴക്കിയ സംഘം വീടിന്റെ ജനാലകൾ വെട്ടി പൊളിച്ചു. വീട്ടിലേയ്ക്ക് നാടൻ ബോംബും വലിച്ചെറിഞ്ഞു. ഇത് പൊട്ടിത്തെറിച്ചു വീടിന്റെ ജനാലയും ടിവിയും തകർന്നു.

ബോംബേറ് നടക്കുമ്പോൾഷിജുവും ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിനു പുറത്തെ ബഹളം കേട്ട് ഷിജുവിന്റെ ഭാര്യ ശാലിനി കുഞ്ഞിനെയും എടുത്ത്അടുക്കളഭാഗത്തേക്ക് ഓടിയതിനാൽ കുഞ്ഞിന് പരുക്കേറ്റില്ല.

പൊലീസിന്റെ വ്യാപകമായ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. പുലയനാർകോട്ട സ്വദേശിയായ ചന്തുവിനെ വാടക വീട്ടിൽ നിന്ന് ഒഴിപ്പിച്ചതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *