Breaking News

നാളെ പിറന്നാൾ, സന്ദീപ് യാത്രയായത് പ്രിയതമയുടെ സമ്മാനം നെഞ്ചിലേറ്റി

പെരിങ്ങരയിലെ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ മൃതദേഹം സംസ്കരിച്ചു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. പ്രിയനേതാവിന്റെ വേർപാട് കുടുംബത്തിനെന്ന പോലെ ഒരു നാടിന്റെ മൊത്തം നൊമ്പരമായി.

ഭാര്യയുടെ പിറന്നാൾ സമ്മാനം കാണാൻ പോലും കാണാൻ കഴിയാത്തെ യാത്രയായ സന്ദീപിന്റെ വേർപാട് എല്ലാവരെയും കണ്ണീരണിയിച്ചു. ശനിയാഴ്ചയായിരുന്നു സന്ദീപിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സന്ദീപിന് സർപ്രൈസ് സമ്മാനമായി ചുവന്ന ഷർട്ട് സുനിത കരുതിവെച്ചിരുന്നു. എന്നാൽ നേരിട്ട് നൽകാൻ കഴിയാത്ത സമ്മാനം അന്ത്യയാത്രയ്ക്ക് മുമ്പ് പ്രിയതമന് നൽകിയാണ് സുനിത സന്ദീപിനെ യാത്രയാക്കിയത്.

പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സി.പി.ഐ.എം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മന്ത്രിമാരായ കെ.ൻ ബാലഗോപാൽ, വി.എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.

സന്ദീപ് കുമാറിന്റെ മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടെന്നും അറയ്ക്ക് മുകളിൽ പതിനഞ്ചിലേറെ കുത്തുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഞ്ചാം പ്രതി അഭിയെ എടത്വായിൽ നിന്നുമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അടക്കം നാലെ പേരെയും പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡൻറാണ് മുഖ്യപ്രതി ജിഷ്ണു രഘു. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *