Breaking News

‘ഇനി കണക്ക് ഇല്ലെന്ന് പറയരുത്’; മരിച്ച കര്‍ഷകരുടെ ലിസ്റ്റുമായി രാഹുൽ ​ഗാന്ധി

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഒരു വർഷം നീണ്ട പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ​ഗാന്ധി. മരിച്ച നാനൂറോളം കർഷകരുടെ കുടുംബത്തിന് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകിയത് ഉയർത്തിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം.

ബാക്കിയുള്ള കുടുംബങ്ങൾക്ക് ജോലിയും സർക്കാർ നൽകി. ഈ കണക്കുകൾ സഭയിൽ വെയ്ക്കുകയാണെന്നും കേന്ദ്ര സർക്കാർ സഹായ ധനവും ജോലിയും ഇവർക്ക് നൽകണമെന്നും രാഹുൽ ​ഗന്ധി വ്യക്തമാക്കി. സമരത്തിൽ മരിച്ച കർഷകർക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സമരത്തിൽ പങ്കെടുത്ത് മരിച്ച കർഷകരുടെ കണക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുൽ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്.

ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത്‌ പരിഗണനയിലുണ്ടോ എന്ന് എം.പിമാരുടെ ചോദ്യത്തിനാണ് കൃഷി മന്ത്രി കണക്കുകൾ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത്. കർഷകർ മരിച്ചതിന്റെ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് മന്ത്രി പാർലമെന്റിൽ പറഞ്ഞത്.

അതേസമയം മാപ്പു പറയാതെ രാജ്യസഭയിലെ 12 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ മുടങ്ങാതെ എത്തണമെന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കി. ടിആര്‍എസ് ശൈത്യകാലസമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *