Breaking News

വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി; നടുക്കം മാറാതെ രാജ്യം

ഊട്ടി കുന്നൂരിനു സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന അപകടത്തിൽ രാജ്യത്തിന് നഷ്ടമായത് ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ (68) യാണ്. 2019 ഡിസംബർ 30നാണ് ഇന്ത്യയിലെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി അദ്ദേഹം നിയമിതനായത്. 2020 ജനുവരി 1ന് അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു. തന്റെ സ്തുത്യര്‍ഹമായ സൈനിക സേവനത്തിന്റെ 43 വർഷം പൂർത്തിയാക്കാൻ എട്ട് ദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് ബിപിൻ റാവത്ത് അപകടത്തിൽ കൊല്ലപ്പെടുന്നത്.

ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. തലമുറകളായി സൈനിക സേവനം നടത്തുന്ന കുടുംബത്തിൽ നിന്നും സ്വാഭാവികമായാണ് ബിപിൻ റാവതും കടന്നുവന്നത്. അച്ഛൻ ലക്ഷ്മൺ റാവത് ലെഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് നാഷനൽ‌ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.

ബ്രിട്ടണിലെ വെല്ലിംഗ്ടൺ ഡിഫൻസ് സെർവീസ് സ്റ്റാഫ് കോളേജിലും അമേരിക്കയിലെ കാനാസിലെ യു.എസ് ആർമി കമാന്റ് ആന്റ് ജനറൽ സ്റ്റാഫ് കോളേജിലും പരിശീലനം നേടിയിരുന്നു. ഡിഫൻസ് സ്റ്റഡീസിൽ എം.ഫിൽ നേടി. മദ്രാസ് സർവ്വകലാശാലയിൽ നിന്നും കംപ്യൂട്ടർ ബിരുദവും മീററ്റിലെ ചൗധരി ചരൺ സിംഗ് സർവ്വകലാശാലയിൽ നിന്നും തത്വശാസ്ത്രത്തിൽ ഗവേഷണ ബിരുദവും നേടി. 1978 ഡിസംബർ 16നാണ് സൈനിക ജീവിതം ഔദ്യോഗികമായി ആരംഭിച്ചത്. ‌‌‌‌‌2016 ഡിസംബർ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്.

1987 ചൈന-ഇന്ത്യ യുദ്ധം, കോംഗോയിലെ യുഎൻ മിഷൻ, 2015 മ്യാൻമർ ആക്രമണങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ സൈനിക ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ്. കരസേനാ മേധാവി എന്ന നിലയിൽ നിരവധി രാജ്യങ്ങളിൽ ഉഭയകക്ഷി സന്ദർശനങ്ങളും ബിപിൻ റാവത്ത് നടത്തിയിട്ടുണ്ട്. 42 വർഷത്തിലേറെ നീണ്ട തൻറെ സൈനിക ജീവിതത്തിൽ പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്‌ട് സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിങ്ങനെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *