Breaking News

മഹുവ മൊയ്ത്ര ബി.ജെ.പിയിലേക്ക്? കരുനീക്കം തുടങ്ങി ബി.ജെ.പി

കൊല്‍ക്കത്ത: പൊതുയോഗത്തിനിടെ മമത ബാനര്‍ജിയുടെ പരസ്യ താക്കീതിന് വിധേയായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് എം.പി സൗമിത്ര ഖാന്‍. മഹുവയ്ക്ക് അധികകാലം തൃണമൂലില്‍ തുടരാനാകില്ലെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. അധികം വൈകാതെ മഹുവ ബി.ജെ.പിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമിത്ര ഖാന്‍ പറഞ്ഞു. മമത്യ്ക്കും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയ്ക്കും മാത്രമെ തൃണമൂലില്‍ തുടരാനാകൂവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മഹുവ മൊയ്ക്രയ്ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയേക്കില്ലെന്നും സൗമിത്ര ഖാന്‍ കൂട്ടിച്ചേര്‍ത്തു.

‘അവര്‍ നന്നായി സംസാരിക്കും. ബി.ജെ.പിയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് അവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. വൈകാതെ മഹുവ നിലപാട് മാറ്റും,’ സൗമിത്ര ഖാന്‍ പറഞ്ഞു. വ്യാഴാഴ്ച കൃഷ്ണനഗറില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മഹുവ മൊയ്ത്രയ്ക്കെതിരെ മമത സംസാരിച്ചത്. നാദിയ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ വളരുന്ന വിഭാഗീയതയില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു.

‘മഹുവാ, ഞാനിവിടെ ഒരുകാര്യം വ്യക്തമാക്കാം, ആര്, ആര്‍ക്ക് എതിരാണെന്ന് ഞാന്‍ നോക്കില്ല, പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോള്‍, ആരാണ് മത്സരിക്കേണ്ടത്, വേണ്ടാത്തത് എന്നൊക്കെ പാര്‍ട്ടി തീരുമാനിക്കും. അതുകൊണ്ട് ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത് ,’ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരു അഡ്മിനിസ്ട്രേറ്റീവ് മീറ്റിംഗിനിടെ മമത പറഞ്ഞു.

ഒരേ വ്യക്തി തന്നെ എന്നേക്കും ഒരേ സ്ഥാനത്ത് ഉണ്ടായിരിക്കുമെന്ന് കരുതേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മഹുവയെ ഉദ്ദേശിച്ചുക്കൊണ്ടായിരുന്നു മമതയുടെ പരാമര്‍ശം. മഹുവയും അതേ വേദിയില്‍ ഉണ്ടായിരുന്നു. അതേസമയം സംഭവത്തില്‍ മഹുവ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *