Breaking News

അന്ന് തോന്നി സിനിമയേക്കാള്‍ പ്രധാനം കുടുംബമാണെന്ന്, ഇനി അമ്മ വേഷം കിട്ടിയാലും ഞാന്‍ ചെയ്യും: ഇന്ദ്രജ

മയിലാട്ടം, ഇന്‍ഡിപെന്‍ഡന്‍സ്, ശ്രദ്ധ, വാര്‍ ആന്റ് ലൗ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഇന്ദ്രജ. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയായും വില്ലത്തിയായും ഇന്ദ്രജ വേഷമിട്ടിട്ടുണ്ട്.

വിവാഹത്തോടെയാണ് ഇന്ദ്രജ സിനിമയില്‍ നിന്നും മാറി നിന്നത്. സിനിമാജീവിതം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ നേരിട്ട വിഷമങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുറച്ചുകാലം മാത്രമാണ് സിനിമയില്‍ നില്‍ക്കാന്‍ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു താന്‍. പക്ഷെ അന്ന് തനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നായിരുന്നു.

ഇനി അമ്മ വേഷം ചെയ്യാന്‍ കിട്ടിയാലും താന്‍ ചെയ്യും. കഥാപാത്രം നല്ല കാമ്പുള്ളതായിരിക്കണം എന്ന നിബന്ധനയേയുള്ളൂ എന്നാണ് ഇന്ദ്രജ പറയുന്നത്. ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്‌സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. അന്യമതസ്ഥനെ പ്രേമിച്ചതിനാല്‍ താരത്തിന്റെ വീട്ടുകാരെല്ലാം വിവാഹത്തെ എതിര്‍ത്തിരുന്നു.