Breaking News

ഒരോ അഭിനയിതാവും അങ്ങനെ ചെയ്യണം എന്നാലെ അതിന്റെ വേദന മനസ്സിലാകൂ; കഷ്ടപ്പാട് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അവിടെ നിന്നാണ്: ഡോ. ഷാജു

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതമായ മുഖമാണ് നടനും നിര്‍മാതാവുമെല്ലാമായ ഡോ.ഷാജുവിന്റേത്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങി ഇന്നും മിനിസ്‌ക്രീനില്‍ ജനപ്രിയനായി തുടരുന്ന താരം കൂടിയാണ് ഷാജു. സിനിമയിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത ഷാജു ഇടയ്ക്ക് നിര്‍മാതാവുമാകാറുണ്ട്. വലിയ ആള്‍ക്കാര്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് ലഭിച്ചതാണ് അഭിനയജീവിതത്തിലെ ഭാഗ്യമെന്ന് പലപ്പോഴും ഷാജു പറയാറുണ്ട്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ അനുഭവങ്ങളും നിര്‍മാതാവായപ്പോള്‍ നേരിട്ട വെല്ലുവിളികളേയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാജു. സസ്നേഹം എന്ന ടിവി സീരിയലിന്റെ നിര്‍മ്മാതാവാണ് ഷാജു. ഒരു നടന്റേയും നിര്‍മ്മാതാവിന്റേയും കടമകള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് ഷാജു. ‘ഒരു നടനാണെങ്കില്‍ തീര്‍ച്ചയായും ഒരു ടെലിഫിലിം എങ്കിലും സംവിധാനം ചെയ്യണമെന്നാണ് ഷാജുവിന്റെ പക്ഷം.

അതിനുള്ള കാരണവും ഷാജു വ്യക്തമാക്കി. ഓരോ നടനും സ്വന്തമായി ഒരു ടെലിഫിലിമെങ്കിലും നിര്‍മ്മിക്കാന്‍ ശ്രമിക്കണം. അപ്പോഴാണ് അതിന്റെ പിന്നിലെ യഥാര്‍ത്ഥ വേദന എന്താണെന്ന് മനസിലാകൂ. ക്യാമറയ്ക്ക് പിന്നിലാണ് യഥാര്‍ഥ നായകന്മാരുള്ളത്. ഒരു നടനായിരിക്കുമ്പോള്‍ തുണി തേക്കുന്നവന്‍ മുതല്‍ തിരക്കഥ വായിച്ച് തരുന്നവര്‍ വരെ നമ്മളെ സഹായിക്കാന്‍ ഉണ്ടാകും. നമ്മള്‍ പലരുടേയും പരിപാലനത്തിലാണ് ആ സമയങ്ങളില്‍ കഴിയുന്നത്.

പക്ഷേ നമ്മള്‍ ഒരു നിര്‍മ്മാതാവോ സംവിധായകനോ ആയിക്കഴിഞ്ഞാല്‍ മാത്രമേ ഇങ്ങനെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇത്തരക്കാരെ പരിചയപ്പെടാനാകൂ. സെറ്റില്‍ മഴ പെയ്യുമ്പോള്‍ ഒരു നടന് സന്തോഷത്തോടെ ഇരുന്നു മഴ ആസ്വദിക്കാം എന്നാല്‍ ഒരു നിര്‍മ്മാതാവിന് അത് വലിയ നഷ്ടമാണ്. അതാണ് ഒരു നടനും നിര്‍മ്മാതാവും തമ്മിലുള്ള വ്യത്യാസം’ ഷാജു പറയുന്നു.