Breaking News

ചരിത്ര നേട്ടവുമായി നാസ; സൂര്യനെ തൊട്ട് ആദ്യ മനുഷ്യ നിര്‍മിത പേടകം

ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യ നിര്‍മിത പേടകം സൂര്യനെ സ്പര്‍ശിച്ചു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന് പേടകമാണ് സൂര്യനെ സ്പര്‍ശിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി 2018ല്‍ ആണ് നാസ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം നടത്തിയത്.

ഈ പേടകം കഴിഞ്ഞ ഏപ്രിലില്‍ കൊറോണ എന്ന് അറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ പറന്നുയര്‍ന്നിരുന്നു. എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ മാസങ്ങളോളം സമയം എടുത്തു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളിയിലേക്ക് പ്രവേശിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി അനേകം പദ്ധതികള്‍ ആവഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്ന് മാത്രമാണിത്.

സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് പേടകത്തിന്റെ ലക്ഷ്യം. ഇതിനോടകം ഒമ്പത് തവണ പേടകം സൂര്യനെ വലം വെച്ചിട്ടുണ്ട്. എട്ടാമത്തെ തവണ സൂര്യനെ വലം വെയ്ക്കുന്നതിനിടയില്‍ 1.30 കോടി കിലോമീറ്റര്‍ ഉയരത്തിലെത്തിയ പേടകം പ്രത്യേക കാന്തിക, കണികാ അവസ്ഥകളിലൂടെ കടന്നുപോയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 2025ല്‍ ഇതിന്റെ ദൗത്യം അവസാനിക്കും. അതിന് മുന്‍പ്് 15 തവണകൂടി പാര്‍ക്കര്‍ പേടകം സൂര്യനെ ചുറ്റും. ജനുവരിയില്‍ പേടകം വീണ്ടും സൂര്യന്റെ അടുത്തെത്തും. ഉപരിതലത്തില്‍ 61.63 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ പേടകം പ്രവേശിക്കുമെന്നാണ് വിലയിരുത്തുന്നത്.

ചന്ദ്രനില്‍ കാലു കുത്തിയത് ചന്ദ്രന്‍ എങ്ങനെ രൂപപ്പെട്ടു എന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത് പോലെ, സൂര്യന്റെ അന്തരീക്ഷത്തെ തൊട്ടത് ഈ നക്ഷത്രത്തെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുന്നതിനും സൗരയൂഥത്തില്‍ അതിനുള്ള സ്വാധീനം മനസിലാക്കുന്നതിനും സഹായിക്കുമെന്നും നാസ പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് ശാസ്ത്ര മേഖലയെ സംബന്ധിച്ച് ചരിത്ര നിമിഷമാണെന്ന് വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തുള്ള സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ പറഞ്ഞു. പാര്‍ക്കര്‍ സോളാര്‍ പ്രോബ് പൊതുജനങ്ങള്‍ സമര്‍പ്പിച്ച 1.1 ദശലക്ഷം പേരുകള്‍ അടങ്ങിയ മെമ്മറി കാര്‍ഡുമായാണ് അതിന്റെ ദൗത്യം ആരംഭിച്ചത്. സൗരവാതത്തിന്റെ നിലനില്‍പ്പിനെ കുറിച്ചുള്ള സിദ്ധാന്തം ആവിഷ്‌കരിച്ച യൂജിന്‍ പാര്‍ക്കറുടെ പേരാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന് നല്‍കിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലുള്ള നാസയുടെ ആദ്യത്തെ ദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.