Breaking News

ലാലേട്ടന്‍ ഈ പാട്ട് പാടി നടക്കുന്നുണ്ടെന്ന് സുചിയാന്റി പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ദിവ്യ വിനീത്

‘ഹൃദയം’ ചിത്രത്തിലെ ‘ഒണക്കമുന്തിരി’ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തെ കുറിച്ച് പലരും വിളിച്ച് അഭിപ്രായം പറഞ്ഞെങ്കിലും ഏറ്റവും സ്‌പെഷ്യലായി തോന്നിയത് സുചിത്ര മോഹന്‍ലാലിന്റെ കോള്‍ ആണെന്ന് ദിവ്യ പറയുന്നു.

”പലരും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ ഏറ്റവും സ്പെഷ്യലായി തോന്നിയത് സുചിയാന്റിയുടെ കോളാണ്. ലാലങ്കിളിന് ഈ പാട്ട് ഏറെ ഇഷ്ടമായെന്നും അദ്ദേഹം അത് ഇടക്കിടെ പാടി നടക്കുന്നുണ്ടെന്നും സുചിയാന്റി പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി അത് കേട്ടപ്പോള്‍.”

”ഞാനത്ര വലിയ ഗായിക അല്ല. അധികം എക്സ്പീരിയന്‍സും ഇല്ല. പക്ഷേ നമ്മള്‍ പാടിയ പാട്ട് ലാലേട്ടനൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം നല്‍കി” എന്നാണ് ദിവ്യ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വിനീത് ശ്രീനിവാസന്‍ ആണ് ഒണക്കമുന്തിരിയുടെ വരികള്‍ ഒരുക്കിയത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം. ഒണക്കമുന്തിരി കമ്പോസ് ചെയ്തപ്പോള്‍ തന്റെ ശബ്ദം നോക്കിയാലോയെന്ന് ചോദിക്കുന്നത് ഹിഷാമാണെന്നും ദിവ്യ പറഞ്ഞു. ഗാനം ഇത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും ദിവ്യ വ്യക്തമാക്കി.

വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ദര്‍ശനാ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.