Breaking News

രഞ്ജിത്ത് വധക്കേസ്; നാല് പേര്‍ കൂടി അറസ്റ്റില്‍, രണ്ടുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍

ആലപ്പുഴ ഒ.ബി.സി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. രണ്ട് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കൂടാതെ ഗൂഢാലോചനയില്‍ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീന്‍, പ്രതികള്‍ക്ക് വ്യാജ സിം കാര്‍ഡ് എത്തിച്ച നല്‍കിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അനൂപ്, ജെസീബ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബി.ജെ.പി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ക്ക പുറത്തു നിന്നുള്ള സഹായം ലഭിക്കുന്നതായി പൊലീസ് സംശയിച്ചിരുന്നു. അതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു.

അതേ സമയം എസ്.ഡി.പി.ഐ നേതാവ് ഷാനേ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്. 18ാം തിയതി രാത്രി ഏഴരയോടെയാണ് മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കാറില്‍ എത്തിയ ഒരു സംഘം വെട്ടിക്കൊന്നത്. ഇതിന് പിന്നാലെയായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.