Breaking News

കേന്ദ്ര സര്‍ക്കാരിന്റെ വിറ്റു തുലയ്ക്കലിന് എതിരെ ബി.എം.എസും രംഗത്ത്; നവംബറില്‍ ഡല്‍ഹിയില്‍ സമരം

ഹൈദരാബാദില്‍ നടക്കുന്ന ആര്‍എസ്എസ് പോഷക സംഘടനകളുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചും രംഗത്ത്. പരിവാര്‍ സംഘടനകളുടെ ആശയവിനിമയത്തിനുള്ള വാര്‍ഷിക യോഗത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവര്‍ക്കു മുന്നിലായിരുന്നു വിമര്‍ശനം. വിവിധ സംഘടനകളുടെ 216 നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

വിറ്റഴിക്കപ്പെടുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം പേരെ അണിനിരത്തി നവംബറില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്താനാണ് ബിഎംഎസ് തീരുമാനം. മുന്നോടിയായി രാജ്യവ്യാപകമായി സെമിനാറുകള്‍ നടത്തും.

ബോധവത്കരണം നടത്താന്‍ ഉദ്ദേശിക്കുന്ന ഏഴ് സമ്മേളനങ്ങള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടത്താനും ബിഎംഎസ് തയ്യാറെടുക്കുന്നു. വ്യാഴാഴ്ച ഹൈദരാബാദില്‍ ഒരു സെമിനാര്‍ നടന്നു. ബാക്കിയുള്ളവ ലഖ്നൗ, ഭോപ്പാല്‍, റാഞ്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടക്കും. വിഷയങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന് രാജ്യത്തുടനീളമുള്ള സാമ്പത്തിക വിദഗ്ധരെയും ക്ഷണിക്കും.