Breaking News

അന്വേഷണ ഉദ്യോഗസ്ഥനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; ദിലീപിനും ബന്ധുക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ദിലീപിനെതിരെ പുതിയ കേസ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവായ സൂരജും ഉണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മൂന്നുപേരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള എഫ്.ഐ.ആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് പറയുന്നതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഗുരുതമായ കുറ്റമാണിതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുക, ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങള്‍ നിലവില്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. കേസില്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും.

അതേസമയം, ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബാലചന്ദ്രകുമാറിനെ കാണാനായി തിരുവനന്തപുരത്തെത്തിയ ദിലീപ് അദ്ദേഹത്തിന് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് കാണാന്‍ ദിലീപ് ക്ഷണിച്ചെന്നുമടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഉടന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ആവശ്യപ്പെട്ടത്.

അതേസമയം, തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറുമാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.