Breaking News

ഗോവയിൽ തൃണമൂലുമായും കോൺഗ്രസുമായും ചർച്ച നടത്തി പവാർ; മമതയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ കോൺഗ്രസുമായും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ചർച്ച നടത്തുകയാണെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. “തൃണമൂലും എൻസിപിയും കോൺഗ്രസും ചർച്ചകൾ നടത്തുകയാണ്. സീറ്റുകൾ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഉടൻ തീരുമാനമുണ്ടാകും,” പവാർ പറഞ്ഞു.

ഫെബ്രുവരി 14നാണ് ഗോവയിൽ വോട്ടെടുപ്പ്. ചർച്ചകൾ തുടരുകയാണ്.തീരുമാനം ആയിട്ടില്ല. ഗോവയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റേണ്ടതുണ്ട്. അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പാർട്ടിയുമായി ഗോവയിൽ സഖ്യത്തിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു. ബിജെപിക്ക് പകരം തങ്ങളെ കുറ്റപ്പെടുത്തുന്ന തൃണമൂലിന്റെ സമീപനം തുടക്കം മുതൽ നിഷേധാത്മകമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ഇതിനിടെ ഭരണകക്ഷിയായ ബിജെപിയിൽ നിന്ന് ഒരു എം.എൽ.എ കൂടി രാജിവെച്ചു. മൈക്കേൽ ലോബോക്ക് പിന്നാലെ പ്രവീൺ സാന്റിയെ ആണ് പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നിന്ന് കൂറുമാറിയ എം എൽ എമാരുടെ എണ്ണം നാലായി. 40 അംഗ നിയമസഭയിൽ 23 എംഎൽഎമാരാണ് ഇപ്പോൾ ബിജെപിക്കുള്ളത്.