Breaking News

കീര്‍ത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു, ഭയാനകമായ ഓര്‍മ്മപ്പെടുത്തലെന്ന് താരം

നടി കീര്‍ത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കോവിഡ് പിടിപെട്ടെന്നും വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണെന്നും കീര്‍ത്തി സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എല്ലാവരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുകയും സുരക്ഷിതരായി ഇരിക്കുകയും ചെയ്യുക. വാക്സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കൂ. ഗുരുതരമായ ലക്ഷണങ്ങള്‍ വരാതെ അത് നിങ്ങളെ സഹായിക്കുമെന്നും താരം പറഞ്ഞു. താനുമായി സമ്പര്‍ക്കമുള്ളവര്‍ കോവിഡ് ടെസ്റ്റ് ചെയ്യാനും നടി അഭ്യര്‍ത്ഥിച്ചു.

അതേസമയം, സിനിമ മേഖലയില്‍ നിരവധി പ്രമുഖരാണ് കൊവിഡ് ബാധിതരാകുന്നത്. സംവിധായര്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. മഹേഷ് ബാബു, തൃഷ, സ്വര ഭാസ്‌കര്‍, സത്യരാജ്, ശോഭന, ഗായിക ലത മങ്കേഷ്‌കര്‍ എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കോവിഡ് ബാധിച്ചിരുന്നു.