Breaking News

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടര ലക്ഷത്തിന് മുകളില്‍ തന്നെ, ഒമൈക്രോണ്‍ 6,041

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും രണ്ടര ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയര്‍ന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനമാണ്.

402 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,85,752 ആയി ഉയര്‍ന്നു. നിലവില്‍ 14,17,820 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,684 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 94.83 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,56,02,51,117 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 6,041 ആയി ഉയര്‍ന്നു. ഇന്നലത്തേക്കാള്‍ 5.01 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളും ഭാഗികമായി അടയ്ക്കും. പൊതുപരിപാടികള്‍ക്കും ആള്‍ക്കൂട്ടത്തിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയട്ടുണ്ട്.