Breaking News

ലോകായുക്ത നിയമ ഭേദഗതി; രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല, ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍

ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ലോകായുക്ത നിയമത്തില്‍ ഭരണ ഘടനാപരമായ വകുപ്പ് ഉണ്ടെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കി. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെടുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത് എന്നും സര്‍ക്കാര്‍ അറിയിച്ചു. എജിയുടെ നിയമോപദേശം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.

മന്ത്രിസഭ അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുത് എന്ന് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്താ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും എന്നായിരുന്നു വിമര്‍ശനം. അതിനാല്‍ നിയമ ഭേദഹതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണമെന്ന്ും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാനത്തിന്റെ വിഷയമാണ് ഇതില്‍ ഭേദഗതി നടപ്പിലാക്കാന്‍ രാഷ്ട്രപതിയുടെ അനുമതി വേണ്ട എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അഴിമതി, സ്വജന പക്ഷപാതം തുടങ്ങി പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ ആരോപണങ്ങള്‍ പരിഗണിക്കുന്ന ലോകായുക്ത ഈ ആരോപണങ്ങളില്‍ കുറ്റം തെളിഞ്ഞാല്‍ ആരോപിതനായ പൊതുപ്രവര്‍ത്തകന്‍ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന് വിധി നടപ്പാക്കുന്നതാണ് ഇപ്പോഴത്തെ രീതി. അഴിമതി തെളിഞ്ഞാല്‍ പദവിയില്‍ തുടരാന്‍ ആ വ്യക്തിക്ക് യോഗ്യത ഇല്ലെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാപിക്കാം.ഇത് പ്രകാരം അവര്‍ സ്ഥാനത്തുനിന്ന് മാറുന്നതിന് ശേഷമേ അപ്പീല്‍ അധികാരിയായ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ.

ലോകായുക്തയുടെ ഈ അധികാരം ഭരണഘടനാ വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് എതിരെ ലോകായുക്തയില്‍ നിലവിലുള്ള പരാതികളില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.