Breaking News

സ്വകാര്യ ബസുകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ ഒരു വിഭാഗം ബസ് ഉടമകള്‍ തീരുമാനിച്ചത്. സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.

പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. ബജറ്റില്‍ ഉള്‍പ്പടെ സ്വകാര്യ ബസ് മേഖലയെ തഴയുകയാണ് ഉണ്ടായത്.

മിനിമം നിരക്ക് 12 രൂപയാക്കി വര്‍ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 1.10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 6 രൂപ ആക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വയ്ക്കുന്നത്. കോവിഡ് കാലത്ത് വാഹന നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വര്‍ധന ഉടനെ വേണമെന്നാണ് ആവശ്യം.

നിരക്ക് വര്‍ധന ഈ മാസം 31നുള്ളില്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. പണിമുടക്ക് നടത്തുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സമരം ശക്തമാക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. നോട്ടീസ് നല്‍കിയ കാര്യം ഗതാഗത മന്ത്രി സ്ഥിരീകരിച്ചു. ആവശ്യം ന്യായമാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പൊതുജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന കാര്യമായതിനാല്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് അമിത ഭാരം ഉണ്ടാകാത്ത രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.