Breaking News

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില കൂടും; പുതുക്കിയ വില ഏപ്രില്‍ മുതല്‍

പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യമരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ ഉയരും. അവശ്യമരുന്നുകളുടെ വില 10 ശതമാനം ഉയര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഏപ്രില്‍ മാസം മുതല്‍ വില നിയന്ത്രണ പരിധിയിലുള്ള ഷെഡ്യൂള്‍ഡ് മരുന്നുകളുടെ ഹോള്‍സെയില്‍ വില 10.7 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുട തീരുമാനം.

വേദനസംഹാരികള്‍, ആന്റി ഇന്‍ഫക്‌ററ്റീവ്, ആന്റിബയോട്ടിക് മരുന്നുകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ അടുത്ത മാസം മുതല്‍ വില ഉയരും. അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനവാണിത്. മരുന്ന് വില പുതുക്കുന്നതോടെ പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കൂടും. ഇതില്‍ പാരസെറ്റമോള്‍, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, തുടങ്ങിയ മരുന്നുകളും ഉള്‍പ്പെടുന്നു. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ക്കും വില കൂടും. (over 800 essential mediciens price hike from april)

രണ്ട് വര്‍ഷമായി മരുന്നുകള്‍ക്ക് അനിയന്ത്രിതമായ വില കയറ്റമാണുണ്ടായതെന്ന് വിദഗ്ദര്‍ പറയുന്നു. മരുന്ന് സംയുക്തങ്ങള്‍ക്ക് 15% മുതല്‍ 130% വരെ വില വര്‍ദ്ധിച്ചു. പാരസെറ്റമോളിന്റെ വില 130% ഉയര്‍ന്നു. മരുന്ന് നിര്‍മാണ വസ്തുക്കള്‍ക്ക് , വില 18%262% വരെ ഉയര്‍ന്നു. ഗ്ലിസറിന്‍, പ്രൊപിലീന്‍ ഗ്ലൈക്കോള്‍ , സിറപ്പുകള്‍, ഓറല്‍ ഡ്രോപ്പുകള്‍, അണുവിമുക്ത വസ്തുക്കള്‍ എന്നിവയ്ക്കും മറ്റ് ലായകങ്ങള്‍ക്കും കുത്തനെ വില കൂടി. യഥാക്രമം 263%, 83% എന്നിങ്ങനെയാണ് ഇവയ്ക്കുണ്ടായ വില കയറ്റം.

പെട്ടന്നുണ്ടായ വിലക്കയറ്റത്തിന് പിന്നില്‍ രാജ്യത്തെ മരുന്നുത്പാദന ലോബിയാണെന്നാണ് ആരോപണം. ആയിരത്തോളം ഉത്പാദകര്‍ അടങ്ങുന്ന ഈ സംഘം മരുന്നുകള്‍ക്ക് 10 ശതമാനം വില കൂട്ടണമെന്ന് നവംബറില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. വില നിയന്ത്രണ പരിധിയിലില്ലാത്ത മരുന്നുകള്‍ക്ക് 20 ശതമാനം വില കൂട്ടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഡ്യൂള്‍ഡ് മരുന്നുകള്‍ക്ക് ഡ്രഗ് പ്രൈസ് കണ്‍ട്രോളറാണ് എല്ലാ വര്‍ഷവും വില നിര്‍ണയിക്കുക.