Breaking News

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളെ പ്രതിരോധിക്കണം

കരകുളം: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കണമെന്നും ജനകീയ ഇടപെടലുകൾ ഉയർത്തി ഇത്തരക്കാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ കരകുളം കെൽട്രോൺ ജങ്ഷനിൽ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് അധ്യക്ഷനായി.

ബോർഡ് അംഗം എസ്.കവിത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരൂപ് ബോധവത്ക്കരണ ക്ലാസെടുത്തു. ചടങ്ങിൽ ലഹരിക്കെതിരായ പ്രതിരോധ ജ്വാല തെളിയിച്ചു. 2021-ലെ കേരളോത്സവത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സൗഹൃദ ആർട്സ് ആൻറ് സ്പോർട്സ് ക്ലബിന് അനുമോദനം നൽകി. കരകുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.സുനിൽ കുമാർ, അരുവിക്കര എസ്.എച്ച്.ഒ. ഷിബുകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വീണാ രാജീവ്, പഞ്ചായത്ത് അംഗം എസ്.സുരേഷ് കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ഷീജ, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.എം.അൻസാരി, എ.നിഖിൽ തുടങ്ങിയവർ സംസാരിച്ചു.