Breaking News

കെഎസ്ഇബി സമരം; തൊഴിലാളി സംഘടകളുമായി നാളെ വൈദ്യുതി മന്ത്രിയുടെ ചര്‍ച്ച

കെഎസ്ഇബിയിലെ പ്രശ്‌നപരിഹാരത്തിനായി നാളെ തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തും. ഓഫീസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നാളെ വൈദ്യുതി ഭവന്‍ വളഞ്ഞ് പ്രതിഷേധം തീര്‍ക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അസോസിയേഷന്റെ നിലപാട്.

തെറ്റായ നയങ്ങള്‍ ചിരുത്തുന്നത് വരെ സമരം തുടരുമെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ്് എം ജി സുരേഷ് കുമാര്‍ പറഞ്ഞത്. ആയിരം പേരോളം നാളത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കും. ജനങ്ങളെ ബാധിക്കാത്ത തരത്തിലാണ് സമരം നടത്തുക.

സമരക്കാരുടെ പ്രധാന ആവശ്യമായ നേതാക്കളുടെ സസ്പെഷന്‍ പിന്‍വലിച്ചെങ്കിലും അവരെ സ്ഥലം മാറ്റിയ പ്രതികാര നടപടിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. സ്ഥലംമാറ്റ നടപടി പിന്‍വലിക്കാനാവില്ലെന്ന് മാനേജ്‌മെന്റും വ്യക്തമാക്കിയിരുന്നു. ചെയര്‍മാന്റെ ഏകാധിപത്യമാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും സ്ഥലംമാറ്റ നടപടികള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നുമാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.

അതേസമയം എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിയെടുത്തേക്കും. കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന് വീണ്ടും പരസ്യമായി ആക്ഷേപം ഉയര്‍ത്തിയിരുന്നു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയായിരുന്നു പ്രതികരണം. സസ്‌പെന്‍ഷന്‍ നടപടിക്ക് കാരണമായ അതേ ആക്ഷേപം വീണ്ടും ഉയര്‍ത്തിയതിനാല്‍ ഗൗരവത്തോടെ കാണുന്നുവെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയത്.